കാട്ടാക്കട:
നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ വനം വകുപ്പിന്റെ ബോട്ടിങ് നിലച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് ബോട്ട് ഓട്ടം നിലയ്ക്കാൻ കാരണം. ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചിട്ട് രണ്ടു മാസമായി. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. എന്നാൽ ഡാമിലെ സഞ്ചാര കേന്ദ്രത്തിലെത്തുന്നവർ നിരാശരായി മടങ്ങുന്നു. ഏഷ്യയിലെ ആദ്യത്തെ സിംഹ സഫാരി പാർക്കാണ് എന്നും ഡാമിലെ ആകർഷണമായിരുന്നത്.
എന്നാലിന്ന് ലോകത്തിൽ സിംഹങ്ങളില്ലാത്ത ഏക സിംഹ സഫാരി പാർക്കായി നെയ്യാർ ഡാമിലെ പാർക്ക് മാറി. മൂന്നു മാസം മുൻപേ അവസാനത്തെ സിംഹവും ചത്തതോടെ പാർക്കിന് താഴ് വീണു. പുതിയ സിംഹങ്ങളെ കൊണ്ടു വരാൻ വനം വകുപ്പ് ഇതുവരെ നടപടി തുടങ്ങിയില്ല. സിംഹ മില്ലാത്ത പാർക്കിന്റെ അനുമതി നിലനിർത്താൻ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പണമടച്ചെങ്കിലും സിംഹങ്ങളെ എത്തിക്കാനുള്ള ഒരു ശ്രമവും ഉദ്യോഗസ്ഥ–ഭരണ തലങ്ങളിൽ നിന്നുണ്ടായിട്ടില്ല.
ഇനിയുള്ളത് മാൻ,ചീങ്കണ്ണി പാർക്കുകൾ. സഞ്ചാരികളെ ആകർഷിച്ചിരുന്ന ട്രക്കിങ് പാക്കേജുകൾ വേണ്ടപ്പെട്ടവർക്ക് മാത്രമായി ചുരുക്കി. ട്രക്കിങിന്റെ ഭാഗമായിരുന്ന ബോട്ടിങ് കൂടി നിലച്ചതോടെ നെയ്യാർ സഞ്ചാര കേന്ദ്രത്തിലേക്ക് ആരും തിരിഞ്ഞ് നോക്കാതായി. അവധി ദിനങ്ങളിൽ ഇപ്പോഴും നെയ്യാർ ഡാമിന്റെ പഴയ പ്രതാപം ഓർത്ത് വരുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുന്നു. വനം വകുപ്പിന് ബോട്ടിങിലൂടെയും ട്രക്കിങിലൂടെയും വർഷാവർഷം ലക്ഷങ്ങൾ വരുമാനമുണ്ട്.