Thu. Dec 19th, 2024
മൂലമറ്റം:

ടൂറിസം കോളേജിന്റെ നിർമാണം മുട്ടത്ത് പുരോഗമിക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ മുട്ടം ക്യാമ്പസിലാണ് കോളേജ് പ്രവർത്തിക്കുന്നത്. 10 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി 40,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചിരുന്നു. എംജി സർവകലാശാലയ്‌ക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന കോഴ്സുകൾ എല്ലാം മുട്ടം ക്യാമ്പസിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായാണ് ടൂറിസം കോളേജ് ആരംഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയോട്‌ ചേർന്ന് സർവകലാശാലയ്‌ക്ക് മുട്ടം ക്യാമ്പസിൽ 25 ഏക്കറോളം സ്വന്തമായിട്ടുണ്ട്. വിസ്തൃതമായ ക്യാമ്പസിൽ മറ്റ് കോഴ്‌സുകൾ ആരംഭിക്കാനുള്ള സ്ഥലസൗകര്യവുമുണ്ട്. മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്‌മെന്റ്, മാസ്റ്റർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, മാസ്റ്റർ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ കോഴ്സുകളാണ് സ്‌കൂൾ ഓഫ് ടൂറിസം കോഴ്സിൽ ഉൾപ്പെടുന്നത്.