കോട്ടയം:
കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ നീണ്ട ഇടവേളക്കുശേഷം സ്കൂളിലെത്തുന്ന കുരുന്നുകൾക്ക് വരവേൽപു നൽകാനൊരുങ്ങുകയാണ് എറികാട് സർക്കാർ യു പി സ്കൂളിലെ അധ്യാപകർ. സ്കൂളിലെ എല്ലാ കുട്ടികളുടെയും ഫോട്ടോ ഉൾപ്പെടുത്തിയ ജന്മദിന കലണ്ടർ ഒരുക്കിയാണ് അധ്യാപകർ വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങുന്നത്.
കലണ്ടറിൽ തീയതികൾ രേഖപ്പെടുത്തുന്ന കോളത്തിൽ അന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന കുട്ടികളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും പഠിക്കുന്ന ക്ലാസും കൂടി ചേർത്ത് മനോഹരമായാണ് കലണ്ടർ രൂപകൽപന ചെയ്ത് അച്ചടിച്ചിട്ടുള്ളത്. 2021 സെപ്റ്റംബർ മുതൽ 2022 ആഗസ്റ്റ് വരെയാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
230 കുട്ടികളാണ് ഇവിടെ പുതുതായി പ്രവേശനം നേടിയത്. കലണ്ടർ എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിക്കും. കോട്ടയം ഈസ്റ്റ് സബ് ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്കൂളാണിത്.