നെടുങ്കണ്ടം:
നവീന സാങ്കേതിക സൗകര്യം ഉറപ്പാക്കുകയെന്ന ലഷ്യത്തോടെ തേര്‍ഡ് ക്യാമ്പ് ഗവ എല്‍ പി സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിൽ’പ്രീ പ്രൈമറി പദ്ധതി’യുടെ ഒരുക്കം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി സമഗ്ര ശിക്ഷ കേരള (എസ് എസ് കെ) വഴി നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഓരോ ജില്ലയിൽനിന്ന് ഒരു സ്കൂള്‍ വീതമാണ് തെരഞ്ഞെടുത്തത്.
പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവിലാണ് പ്രീ പ്രൈമറി പഠനാന്തരീക്ഷമൊരുക്കുന്നത്. പഠിക്കുന്നതെന്തും ജീവിതത്തില്‍ പ്രയോഗിച്ച് ലക്ഷ്യം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസമാണിത്. കുട്ടികളുടെ ജന്മനായുള്ള കഴിവുകൾ വികസിപ്പിക്കാൻ സാഹചര്യം ഒരുക്കുകയാണിവിടെ.
അക്ഷരം, അക്കം, ഭാഷ, നിറങ്ങള്‍, ചിത്രംവര, അഭിനയം, സംഗീതം, നിര്‍മാണം എന്നിവയെല്ലാം ക്ലാസിനകത്തും പുറത്തുമുള്ള സംവിധാനങ്ങള്‍ വഴി കുട്ടികള്‍ക്ക് സ്വായത്തമാക്കാം. കൊച്ചു കുട്ടികള്‍ക്ക് അനുയോജ്യമാംവിധം വിനോദങ്ങൾക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ക്ലാസുകളില്‍ സംഗീതം, നിര്‍മാണം, ശാസ്ത്രം, ഗണിതം, ചിത്രം, കളി എന്നിങ്ങനെ വിവിധ കോർണറുകളുമുണ്ട്. കുട്ടികളുടെ ഗണിതശേഷി വർധിപ്പിക്കുന്ന ഉപകരണങ്ങളുമുണ്ട്. ചിത്രം വരക്കാനും ആകർഷകമായി പ്രദർശിപ്പിക്കാനും സൗകര്യം ഒരുക്കി. ക്ലാസ്മുറിക്ക് വെളിയില്‍ പ്രകൃതിയെ പഠിക്കാന്‍ മ്യൂസിയവും ഉണ്ട്. ഇവിടെ ഒരുക്കിയിരിക്കുന്ന ശില്പോദ്യാനം ഏറെ കൗതുകകരമാണ്. ശലഭ പാര്‍ക്ക്, ഔഷധ പാര്‍ക്ക് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. അടുത്ത ആഴ്ചയോടെ പദ്ധതി ഉദ്ഘാടനം ചെയ്യും.