Sat. Apr 27th, 2024
തിരുവനന്തപുരം:

കോർപറേഷൻ്റെ ആസ്തി വികസനവും റവന്യൂ വരുമാനവും ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത കൗൺസിലും ബഹളത്തിൽ കലാശിച്ചു. കാര്യമായ ചർച്ചകളില്ലാതെ വാക്കുതർക്കങ്ങളിലും ആരോപണങ്ങളിലും ഭരണ-പ്രതിപക്ഷ കക്ഷികൾ ഊന്നൽ നൽകിയപ്പോൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഇന്നലെയും കൗൺസിലിൽ കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല.

കൗൺസിൽ ആരംഭിച്ചപ്പോൾ കോർപറേഷനിലെ കെട്ടിട നികുതി തട്ടിപ്പ് റവന്യൂ വരുമാനത്തിലുൾപ്പെടുന്ന വിഷയമാണെന്നും അത് ചർച്ച ചെയ്യണമെന്നും ബി ജെ പി പാർലമെൻററി പാർട്ടി നേതാവ് എം ആർ ഗോപൻ ആവശ്യപ്പെട്ടു. സമരത്തിന് പ്രചാരണം നൽകാനുള്ള വിഷയങ്ങൾ കൗൺസിലിൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എസ് സലീം പറഞ്ഞതോടെ വാക്കേറ്റമായി.

ഇതിനിടയിൽ തന്നെ ഗിരികുമാർ അധിക്ഷേപിച്ചെന്ന ആരോപണവുമായി ഡെപ്യൂട്ടി സ്പീക്കർ പി കെ രാജു രംഗത്തെത്തി. തുടർന്ന് ബി ജെ പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. മേയർ ഇടപെട്ട് അംഗങ്ങളെ അനുനയിപ്പിച്ചു.

നികുതി നഷ്​ടപ്പെട്ടെന്ന പരാതി നഗരസഭയിൽ ആരും ഇതുവരെ നൽകിയിട്ടില്ലെന്ന് ഡി ആർ അനിൽ പറഞ്ഞു. പലരും പരാതി തന്ന കാര്യം ഭരണസമിതി മറച്ചുവെക്കുകയാണെന്ന് എം ആർ ഗോപനും ആരോപിച്ചു. നഗരസഭയുടെ റവന്യൂ വരുമാനത്തിനെപറ്റിയും ആസ്തി വികസനത്തെപ്പറ്റിയും കൗൺസിലർമാരുടെ നി‌ർദേശം പരിഗണിച്ച് തുടർ നടപടികൾ നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.