മുട്ടം:
മലങ്കര ജലാശയത്തിൽ ടൂറിസം പദ്ധതിയിൽ പെടുത്തി സോളർ ബോട്ട് ഇറക്കാൻ സഹകരണ ബാങ്ക് തയാറായെങ്കിലും അനുമതി വൈകുന്നതിനാൽ നടപടിയായിട്ടില്ല. മലങ്കര ടൂറിസത്തിനായി ഇവിടെ ടൂറിസം പദ്ധയിൽ ബോട്ട് ഇറക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സ്വകാര്യ ഏജൻസികളും സഹകരണ ബാങ്കുകളും എത്തിയിട്ടുണ്ട്.
പ്രകൃതിക്കും ജലാശയത്തിനും കോട്ടം തട്ടാത്ത രീതിയിൽ സോളർ ബോട്ടാണ് ഇവിടെ എത്തിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി തൊടുപുഴയിലെ സഹകരണ ബാങ്കാണ് ഡിടിപിസിക്കും എംവിഐപിക്കും കത്ത് നൽകിയിരിക്കുന്നത്.
കത്ത് സമർപ്പിച്ച് നാളുകൾ കഴിഞ്ഞെങ്കിലും ഇതിനായി കമ്മിറ്റി കൂടാനും തീരുമാനമെടുക്കാനോ ടൂറിസം കമ്മിറ്റി തയാറാകുന്നില്ല. ബോട്ടിങ്ങിന് ഒപ്പം ഇവിടെ മ്യൂസിക് ഫൗണ്ടൻ നിർമിക്കുന്നതിനും ഫണ്ട് മുടക്കാൻ സഹകരണ ബാങ്ക് ഒരുക്കമാണ്.
ലാഭത്തിന്റെ ഒരു വിഹിതം ഡിടിപിസിക്ക് ലഭിക്കുന്ന രീതിയിൽ ബോട്ട് സർവീസ് ആരംഭിക്കാനാണ് തീരുമാനം. മലങ്കര ടൂറിസം സ്‌പോട്ടിൽ ബോട്ട് ജെട്ടി നിർമിച്ച് 15 വർഷത്തിലേറെയായി. എന്നാൽ, ഇതുവരെ ഒരു കൊതുമ്പ് വള്ളം പോലും ഇവിടെ എത്തിയില്ല.
മലങ്കര ടൂറിസത്തിന് ഒട്ടേറെ സാധ്യതകളുള്ള ബോട്ടിങ് തുടങ്ങാൻ നടപടി വൈകരുതെന്നാണ് പഞ്ചായത്ത് അംഗം ബിജോയി ജോൺ പറഞ്ഞു. ടൂറിസം പദ്ധതി തുടങ്ങാൻ പല കേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തിയതോടെയാണു സഹകരണ ബാങ്ക് ബോട്ട് സർവീസ് ആരംഭിക്കാൻ മുന്നോട്ട് വന്നത്. എന്നാൽ ഈ സീസണിൽ ബോട്ടിങ് ആരംഭിക്കാൻ എംവിഐപിയിൽ നിന്നും അനുകൂല നടപടി എടുക്കണം.
TAGS: