കല്പറ്റ:
ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന വയനാട് പാക്കേജിൽനിന്ന് 1000 കോടി രൂപ തുരങ്കപാതക്കായി വകയിരുത്തുന്നതിൽ ഗൂഢനീക്കമുണ്ടെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.കെ റെയില്‍, വിഴിഞ്ഞം തുടങ്ങിയ പദ്ധതികള്‍ക്കാവശ്യമായ പ്രകൃതിവിഭവ ശേഖരമാണ് തുരങ്കപാത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും, കാർഷിക വിലത്തകർച്ചയും നേരിടുന്ന ജില്ലയുടെ വികസനത്തിനായുള്ള പാക്കേജിൽനിന്ന് 1000 കോടി രൂപ തുരങ്കത്തിനായി മാറ്റിയത് ഗൂഢോദ്ദേശ്യത്തോടെയാണ്.
വയനാടിന് നേട്ടങ്ങളില്ലാത്ത പാതക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.തുരങ്കപാത കരടു നിര്‍ദേശം ഒക്ടോബർ 15ന് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് ജില്ല ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ ഉൾപ്പെടുത്തിയെങ്കിലും പരിസ്ഥിതി സംഘടനകളെ തഴയുകയായിരുന്നു.
ജനങ്ങളോട് വോട്ട് തേടുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് ജില്ലയോട് ഒരു പ്രതിബദ്ധതയുമില്ലെന്നും അവര്‍ ആരോപിച്ചു. കോഴിക്കോട്, കണ്ണൂര്‍ വ്യവസായ ലോബികളും രാഷ്ട്രീയ കൂട്ടുകെട്ടും തയാറാക്കിയ സ്വപ്നപദ്ധതിയാണിത്. ആസ്പിരേഷന്‍ ഡിസ്ട്രിക്ട് എന്ന പരിഗണന ജില്ലക്ക് ഉണ്ടെന്ന മറവില്‍ ഈ പദ്ധതിക്കാവശ്യമായ അനുമതികള്‍ എളുപ്പത്തില്‍ നേടാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.