Sat. Apr 20th, 2024
സുള്ള്യ:

മാലിന്യ സംസ്കരണത്തിന് ഇനി യന്ത്രങ്ങൾ. സുള്ള്യ നഗരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ യന്ത്രങ്ങളുടെ സഹായത്തോടെ സംസ്കരിക്കും. നഗര പഞ്ചായത്ത് പരിധിയിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാനും സംസ്കരണത്തിനു സ്ഥലം ഇല്ലാത്തതു വർഷങ്ങളായി വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു.

നഗരത്തിലെ മാലിന്യ സംസ്കരണ കേന്ദ്രമായ കൽച്ചർപ്പെയിൽ മാലിന്യം നിറഞ്ഞു കവിഞ്ഞതിനാൽ നിക്ഷേപിക്കാൻ സ്ഥലമില്ലാതെ നഗര പഞ്ചായത്ത് പരിസരത്തു തന്നെ മാലിന്യം കൂട്ടിയിട്ട നിലയിലാണ്. ഇതിനു പരിഹാരമായാണു യന്ത്രങ്ങൾ സ്ഥാപിച്ചത്. യന്ത്രത്തിന്റെ സഹായത്തോടെ മാലിന്യം സംസ്കരിക്കുന്നതിന് ആദ്യഘട്ട പരീക്ഷണം വിജയിച്ചു.

ഒരിക്കൽ കൂടി പരീക്ഷണാടിസ്ഥാനത്തിൽ സംസ്കരണം നടത്തിയ ശേഷം എല്ലാ ദിവസവും മാലിന്യ സംസ്കരണം നടത്തും.ഒരു മണിക്കൂറിൽ 150 കിലോ മാലിന്യം സംസ്കരിക്കാം. മാലിന്യം സംസ്കരിക്കുമ്പോൾ വാതകവും ചാരവും ലഭിക്കും. ഇത് ഉപയോഗിക്കാനാകും.

ദിവസവും ഒരു ടണ്ണിലധികം മാലിന്യം സുള്ള്യ നഗരത്തിൽ ശേഖരിക്കുന്നു. ഇതു സംസ്കരിക്കുന്നതിനൊപ്പം കൽച്ചർപ്പെയിലും നഗര പഞ്ചായത്ത് പരിസരത്തും നിറഞ്ഞ മാലിന്യങ്ങൾ സംസ്കരിക്കുമെന്ന് സുള്ള്യ നഗര പഞ്ചായത്ത് പ്രസിഡന്റ് വിനയകുമാർ കന്തടുക്ക അറിയിച്ചു.