Mon. Dec 23rd, 2024
കോഴിക്കോട്:

റിസർവേഷനില്ലാത്ത ട്രെയിൻ യാത്രയ്ക്കായി മലബാറിന്റെ കാത്തിരിപ്പു നീളുന്നു. തെക്കൻ ജില്ലകളിൽ ഓടുന്ന ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചെങ്കിലും കോഴിക്കോട് വഴി പോകുന്നതിൽ മെമു ഒഴികെ എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്. മലബാറിലെ എല്ലാ ജില്ലകളിലും ഇതു തന്നെ സ്ഥിതി.

കൊവിഡ് നിയന്ത്രണങ്ങൾ പലതും നീക്കുകയും കോളജുകൾ തുറക്കുകയും ചെയ്തതോടെയാണു കഴിഞ്ഞ ദിവസം മുതൽ ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചത്.എങ്കിലും എല്ലാ ട്രെയിനുകളും സ്പെഷൽ ആയിത്തന്നെയാണു റെയിൽവേ ഓടിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ പോലും സ്പെഷൽ ആക്കി മാറ്റി എക്സ്പ്രസിന്റെ ചാർജ് ഈടാക്കുന്നുണ്ട്.

മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവും പുനഃസ്ഥാപിച്ചിട്ടില്ല. അൺറിസർവ്ഡ് കോച്ചുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റെയിൽവേയുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.ട്രെയിനിൽ ദിവസേന യാത്ര ചെയ്യുന്നവർക്കാണ് ഇതു തിരിച്ചടിയാകുന്നത്.

മെമുവിൽ ഒഴികെ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകില്ല. കോഴിക്കോട് നഗരത്തിലേക്കു ദിവസവും ജോലിക്കു വന്നുപോകുന്നവർക്കു മെമുവിന്റെ സമയക്രമം പ്രയോജനം ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. റിസർവേഷൻ ടിക്കറ്റിനു ജനറൽ ടിക്കറ്റിനേക്കാൾ നിരക്ക് കൂടുതലുമാണ്.