തിരുവനന്തപുരം:
യൂണിവേഴ്‌സിറ്റി കോളേജിന്റെ മതിലുകൾ ഇനി സ്വാതന്ത്ര്യസമര ചരിത്രം പറയും. മഹാത്മാ ഗാന്ധി, സരോജിനി നായിഡു, സുഭാഷ് ചന്ദ്രബോസ്, മംഗൾ പാണ്ഡെ, റാണി ലക്ഷ്‌മിഭായ് –തുടങ്ങിയ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും ഉദ്ധരണികളുമാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്.
സ്വാതന്ത്ര്യലബ്‌ധിയുടെ 75–-ാം വാർഷിക ഭാഗമായി സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കാർട്ടൂൺ അക്കാദമിയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി പൂർത്തിയാക്കിയ സ്വാതന്ത്ര്യസമര സ്മൃതി ചിത്രച്ചുവര് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. ലളിതകലാ അക്കാദമി ഒരുക്കുന്ന ഒരു വർഷത്തെ പരിപാടികളുടെ ഉദ്ഘാടനവും നടന്നു.
ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്‌പരാജ് അധ്യക്ഷനായി. സമരസേനാനികളുടെ മുഖചിത്രങ്ങൾക്കൊപ്പം അവരുടെ ജീവിതത്തിലെ സുപ്രധാന ചരിത്രസംഭവം ചെറുവാക്കുകളിലുണ്ട്. രാജ്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ലോകത്തെതന്നെ ഏറ്റവും ജനകീയമായ ഭാരതത്തിന്റെ ഭരണഘടന നിലനിർത്തേണ്ടത് സ്വാതന്ത്ര്യം നിലനിർത്തുന്നതുപോലെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.