Wed. Nov 6th, 2024
ഏറ്റുമാനൂര്‍:

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ വീണ്ടും വ്യാപകം. യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യും.

പിന്നീട് സമാനമായ രീതിയില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കി യഥാര്‍ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളുമായി തട്ടിപ്പുസംഘം ബന്ധം സ്ഥാപിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞ് കാശ് കടം വാങ്ങിക്കുകയുമാണ് ചെയ്യുന്നത്.

ഏറ്റുമാനൂര്‍ സ്വദേശിയുടെ പേരില്‍ ഇങ്ങനെ പണം തട്ടാനുള്ള ശ്രമം നടന്നതിനെ തുടർന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി അയച്ചു. ഇദ്ദേഹത്തിന്‍റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍നിന്നും സുഹൃത്താകാനുള്ള സന്ദേശമാണ് പലര്‍ക്കും ആദ്യം ചെന്നത്. ഈ സന്ദേശം സ്വീകരിച്ചവരോട് പണം ആവശ്യപ്പെടുകയായിരുന്നു പിന്നീട് ചെയ്തത്.

ഇരുപതിനായിരവും അതിനുമുകളിലും തുക സഹായമായി ചോദിച്ചായിരുന്നു തുടക്കം. വളരെ അത്യാവശ്യമാണെന്ന് പറ‍ഞ്ഞ് പണം ഗൂഗിള്‍ പേ വഴി അയക്കാനായിരുന്നു നിര്‍ദ്ദേശം. തന്‍റെ കയ്യില്‍ ആയിരം രൂപയേ ഉള്ളൂവെന്നു പറ‍ഞ്ഞ പാലാ സ്വദേശിയോട് എന്നാല്‍ ഉള്ള തുക ട്രാന്‍സ്ഫര്‍ ചെയ്യണമെന്നായി ആവശ്യം. സംശയം തോന്നിയ ഇദ്ദേഹം പത്രപ്രവര്‍ത്തകനായ ഏറ്റുമാനൂര്‍ സ്വദേശിയെ ടെലിഫോണില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്.