Mon. Dec 23rd, 2024
മല്ലപ്പള്ളി:

കീഴ്‌വായ്പൂരിലുള്ള ഗവ ആയുർവേദ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ച് ഒരുവർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയില്ല. പുതിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി 2020 ഓഗസ്റ്റ് 26ന് ഉദ്ഘാടനം നിർവഹിച്ചിരുന്നു. എന്നാൽ കെട്ടിടം അടഞ്ഞുകിടക്കുകയാണ്.

2 നിലകളുള്ള കെട്ടിടം 1.40 കോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരിന്റെ ആസ്തിവികസന ഫണ്ടിൽനിന്നു മാത്യു ടി തോമസ് എംഎൽഎ നിർദേശിച്ച പദ്ധതിയാണിത്. കിടത്തിച്ചികിത്സയ്ക്കുള്ള ഒന്നാംഘട്ട നിർമാണ പ്രവൃത്തികളാണ് പൂർത്തിയായത്.

താഴത്തെ നിലയിലും 1–ാം നിലയിലുമായി 20 കിടക്കകൾ, പഞ്ചകർമ തിയറ്റർ, തിരുമ്മ്–ഉഴിച്ചിൽ അനുബന്ധ സൗകര്യങ്ങൾ, ഡോക്ടർമാർക്കുള്ള പരിശോധനാ മുറി, നഴ്സസ് ഡ്യൂട്ടി മുറി, സ്റ്റോർ, ഫാർമസി, ഡൈനിങ് ഹാൾ, രോഗികൾക്ക് ഇരിക്കുന്നതിനുള്ള സ്ഥലം, 12 ശുചിമുറികൾ എന്നിവ ഉൾപ്പെടുത്തി 7,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്.

1992ൽ കീഴ്‌വായ്പൂര് വികസന സമിതിയാണ് സ്ഥലം വാങ്ങി ഭാരതീയ ചികിത്സാ വകുപ്പിന് കൈമാറിയത്. 2018 ഒക്ടോബർ 6ന് ആയിരുന്നു ശിലാസ്ഥാപനം. വിവിധ ഘട്ടങ്ങളിലായി 5 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തത്. 1–ാം നിലയിലെ ബാക്കിയുള്ള ഭാഗങ്ങൾ കൂടി പൂർത്തിയാകുമ്പോൾ 30 കിടക്കകളുള്ള ആശുപത്രിയായി മാറും. 3 നിലകൾ കൂടി പൂർത്തിയാക്കുന്നതിനായി ആയുഷ്‌ വകുപ്പിന് സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ടിന് സർക്കാർ അനുമതി ലഭിച്ചെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

1–ാം നിലയുടെ ബാക്കിയും 2ഉം, 3ഉം നിലകളുടെയും കോൺഫറൻസ് ഹാളിന്റെയും ചുറ്റുമതിലിന്റെയും നിർമാണം കൂടി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചുറ്റുമതിൽ ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ ഇപ്പോഴും അവശേഷിക്കുന്നു. പുതിയ കെട്ടിടത്തിൽ വയറിങ് ജോലികൾ പൂർത്തിയായെങ്കിലും വൈദ്യുതി ലഭ്യമായിട്ടില്ല.

ആയുർവേദ ആശുപത്രിയുടെ അവേശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കിയാൽ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിനു ജനങ്ങൾക്ക് പ്രയോജനം ലഭിക്കും.