എകരൂല്‍:
മാലിന്യവും മണ്ണും അടിഞ്ഞ് അങ്ങാടിയുടെ ഒരുഭാഗത്തെ അഴുക്കുചാല്‍ നികന്നതോടെ ചെറിയ മഴയില്‍പോലും എകരൂല്‍ ടൗണില്‍ വെള്ളക്കെട്ട്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ അങ്ങാടിയിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്രൂപ്പിൻറെ പൈപ്പ് ലൈന്‍ കൂടി വന്നതോടെ റോഡ് മുഴുവന്‍ വെള്ളം പരന്നൊഴുകുകയാണ്.
എകരൂല്‍ അങ്ങാടിയില്‍നിന്ന് ഇയ്യാട് റോഡിലേക്കുള്ള പ്രവേശനഭാഗത്തും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഓവുചാലിലും ഇയ്യാട് റോഡിന് കുറുകെയുള്ള കലുങ്കിനടിയിലും മണ്ണും മാലിന്യവും അടിഞ്ഞുനികന്നതാണ് വെള്ളക്കെട്ടിന് കാരണം. ടൗണിലെ വ്യാപാരികൾക്കാണ് ഇത് കൂടുതൽ ദുരിതമാവുന്നത്.
കഴിഞ്ഞ മഴക്കാലത്തും ഇവിടെ വലിയ വെള്ളക്കെട്ടാണുണ്ടായത്.ഇയ്യാട് റോഡിലേക്കുള്ള പ്രവേശനഭാഗത്ത് മൊകായ് കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടിത്തകര്‍ന്ന് രൂപപ്പെട്ട കുഴി മണ്ണിട്ടുമൂടിയെങ്കിലും വെള്ളം കയറിയാല്‍ ചളിക്കുളമാവുകയാണ്. പൈപ്പിടാന്‍ കീറിയ റോഡ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നവീകരണപ്രവൃത്തി ആരംഭിച്ചിട്ടില്ല.
ഇയ്യാട് റോഡിൻറെ ഇരുഭാഗത്തുമുള്ള കലുങ്കുകള്‍ മണ്ണ് മൂടിയതിനാല്‍ റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം എകരൂല്‍ അങ്ങാടിയില്‍ വെള്ളക്കെട്ടിന് കാരണമാവുന്നുണ്ട്. ഇപ്പോൾ മഴ കുറവായതിനാൽ മണിക്കൂറുകള്‍ കഴിയുമ്പോൾ വെള്ളം ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും മഴ കൂടുന്നതോടെ വെള്ളംപൊങ്ങി കടകളിലേക്ക് എത്തുമോ എന്നാണ് വ്യാപാരികളുടെ ആശങ്ക.