Thu. Apr 25th, 2024
മലപ്പുറം:

പോഷക സംഘടനാ ഭാരവാഹിത്വത്തിൽ 20% വനിതാ സംവരണം ഏർപ്പെടുത്തിയും സംസ്ഥാന-ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികൾ രൂപീകരിച്ചും സംഘടനാ സംവിധാനത്തിൽ സമഗ്ര അഴിച്ചുപണി നടത്താൻ മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട 12 സീറ്റുകളിലെ പരാജയ കാരണങ്ങൾ രണ്ടംഗ സമിതി പഠിച്ചു 15 ദിവസത്തിനകം റിപ്പോർട്ട് നൽകും.

വിവിധ വിഷയങ്ങൾ മുൻനിർത്തി കോൺഗ്രസിനെതിരെ ചില പ്രതിനിധികൾ രൂക്ഷ വിമർശനമുയർത്തിയെങ്കിലും ഈ ഘട്ടത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതൊന്നും പാടില്ലെന്ന പൊതുവികാരമാണ് യോഗത്തിലുയർന്നത്. ലീഗ് ഓഫിസുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനും പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനമായി. ദലിത്, പിന്നാക്ക, ന്യൂനപക്ഷ കൂട്ടായ്മകൾക്കു മുൻകയ്യെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ പ്രവർത്തക സമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ ഒറ്റപ്പെട്ട വിമർശനങ്ങളുണ്ടായി. എന്നാൽ, 10 അംഗ ഉപസമിതി തയാറാക്കിയ ഭാവി പ്രവർത്തന രേഖയിലൂന്നിയായിരുന്നു ചർച്ച. പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികൾ രൂപീകരിക്കും.

താഴേത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുതിർന്ന നേതാക്കൾ 3 ബാച്ചുകളിലായി ബൂത്തുതലം വരെയുള്ള കീഴ്ഘടകങ്ങളുമായി ചർച്ച നടത്തും. പോഷക സംഘടനാ ഭാരവാഹിത്വത്തിൽ 20% വനിതാസംവരണം ഏർപ്പെടുത്തുന്നതോടെ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിത സ്വാഭാവികമായി ഇല്ലാതാകും. എന്നാൽ കോളജ് ക്യാംപസുകളിൽ മാത്രം ഹരിതയ്ക്ക് പ്രത്യേകമായി പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും.

ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ട പാർട്ടി പ്രതിനിധികളെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ തീരുമാനിക്കും. ഇവർക്ക് വിഷയവുമായി ബന്ധപ്പെട്ട് മാർഗനിർദേശം നൽകുമെന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തിൽ ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണു യോഗം നടന്നത്. ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും എംഎൽഎമാരും പങ്കെടുത്തു.