Wed. Jan 22nd, 2025
പത്തനംതിട്ട:

കല്ലേമുട്ടിയും പള്ളത്തിയുമൊന്നും നമുക്കറിയാത്ത മീനാണോ. എന്നാൽ അത്രയുമറിഞ്ഞാൽ പോരാ. ഇവയൊക്കെ ജീവിക്കുന്നതെങ്ങനെയെന്നും അറിയണം. അവരുടെ കൂട്ടത്തിലുമുണ്ട്‌ സുന്ദരിക്കോത മിസ്‌ കേരളയും രാത്രിസഞ്ചാരി ആരകനും.

മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിക്കുന്ന വിദ്യാർഥികൾക്കായി ചുട്ടിപ്പാറ സീപാസിൽ നടത്തിയ ഓൺ ജോബ് പരിശീലന പരിപാടി ശ്രദ്ധേയമായി. കോവിഡ്‌ കാരണമാണ്‌ ഇത്തവണ കോളേജിൽ തന്നെ പരിശീലനം സംഘടിപ്പിച്ചത്‌.

മത്സ്യബന്ധനത്തിനുള്ള മടവല, കരമീൻ ട്രാപ്പ്‌ എന്നിവ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു. വാഴയ്‌ക്കാവരയൻ, കാർപ്‌, കല്ലേമുട്ടി, പള്ളത്തി എന്നിവയും അക്വേറിയത്തിൽ നീന്തിക്കളിക്കുന്നു.
സീപാസിലെ എംഎസ്‌സി ഫിഷറി ബയോളജി ആൻഡ്‌ അക്വാകൾച്ചർ കോഴ്‌സിൽ മീൻ പിടിത്തം, അവയുടെ പ്രോസസിങ്‌ തുടങ്ങി മത്സ്യവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ജോലി ചെയ്യാനാവശ്യമായതെല്ലാം പഠിപ്പിക്കുന്നു.

കേരളത്തിന്റെ തീരദേശ ജില്ലകളിൽനിന്നുള്ളവർ കൂടുതലായി കോഴ്‌സ്‌ പഠിക്കാനെത്തുന്നു. ഫിഷറീസ്‌ മേഖലയിലെ തൊഴിൽസാധ്യതയാണ്‌ ഇതിനുകാരണമെന്ന്‌ സ്‌കൂൾ ഓഫ്‌ അപ്ലൈഡ്‌ ലൈഫ്‌ സയൻസസ്‌ ഡയറക്ടർ ഡോ എ ചന്ദ്രനും അധ്യാപികയായ രേഷ്‌മ പ്രഭാകറും പറയുന്നു. പരിശീലന പരിപാടി വെള്ളിയാഴ്‌ച്ച സമാപിച്ചു.