Thu. Apr 25th, 2024
നെടുങ്കണ്ടം:

3 കൂട്ടുകാർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തീരുമാനിച്ചു പൊലീസാകണമെന്ന്. വർഷങ്ങൾക്കു ശേഷം 3 കൂട്ടുകാരും കേരള പൊലീസിൽ എത്തി. വർഷങ്ങൾ നീണ്ട പരിശീലനമാണ് 3 കൂട്ടുകാരെയും ഒരുപോലെ സംസ്ഥാന പൊലീസ് സേനയിലേക്ക് എത്തിച്ചത്. കോമ്പയാർ കൈതാരം സോണറ്റ് തോമസ്, വാവലുമാക്കൽ എബിൻ ചാക്കോ, ഇടമന രാഹുൽ എം നായർ എന്നിവരാണ് കഠിന പരിശ്രമത്തിലൂടെ സേനയിലെത്തിയത്.

കോമ്പയാർ സെന്റ് തോമസ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ മൂവരുടെയും ആഗ്രഹമായിരുന്നു പൊലീസ് ആകണമെന്ന്. പൊലീസ് വാഹനവും പൊലീസ് യൂണിഫോമും കാണുമ്പോൾ നോക്കി നിന്നിരുന്ന കാലമുണ്ട്. പൊലീസ് വേഷത്തോടും പൊലീസുകാരോടും തോന്നിയ സ്നേഹം പൊലീസ് ആകണമെന്ന് തീരുമാനത്തിലുറപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ 3 പേരും ഒരുമിച്ചാണ് പഠിച്ചത്.

കോമ്പയാർ സെന്റ് തോമസ് എൽപി സ്കൂൾ, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, മുണ്ടിയെരുമ ഗവ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായാണ് പഠനം സ്കൂൾ തല പഠനം നടത്തിയത്. ഡിഗ്രി കാലഘട്ടത്തിൽ പല കോഴ്സുകളിലേക്ക് വഴിമാറിയെങ്കിലും പിഎസ് സി പഠനം ഒരുമിച്ച് തുടർന്നു. കഴിഞ്ഞ 2 വർഷമായി പൊലീസ് ആകണമെന്ന് ആഗ്രഹിച്ച അതേ സെന്റ് തോമസ് എൽപി സ്കൂളിൽ 3 പേരും വീണ്ടുമെത്തി.

ഇവിടെ ഉദ്യോഗാർഥികൾക്കായി എംസിബിഎസ് വൈദികർ സ്ഥാപിച്ച് സൗജന്യ പഠന കേന്ദ്രമുണ്ട്. സ്കൂൾ മാനേജർ ഫാ ജിതിൻ വെട്ടിത്തുരുത്തേൽ, ഹെഡ്മാസ്റ്റർ ബിജു ജോർജ് എന്നിവരും ഇവർക്ക് പിന്തുണ നൽകി. ഇവിടെയിരുന്ന് കഴിഞ്ഞ 2 വർഷം തുടർച്ചയായ ക്ലാസ്.

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഠിപ്പിച്ചു. വൈകുന്നേരം 6 മുതൽ രാത്രി 11 വരെയാണ് ക്ലാസുകൾ. അങ്ങനെ പരീക്ഷയെഴുതി. കായിക പരീക്ഷ പാസാകാനും ഒരുമിച്ച് പരിശീലനം നടത്തി.

ഇതിനിടെ മറ്റൊരു കൂട്ടുകാരനായ കാലായിൽ അമൽ സാബുവും ഇവർക്കൊപ്പം പഠനത്തിനെത്തിയിരുന്നു. പിഎസ്‌സിയിൽ നിന്നു വിളിയെത്തിയപ്പോൾ 4 പേരും പൊലീസിലേക്ക്. പരിശീലന കാലയളവ് പൂർത്തിയാക്കി കണ്ണൂരിലെ പാസിങ് ഔട്ട് പരേ‍ഡും കഴിഞ്ഞ് ഇവർ എത്തുന്നതും കാത്തിരിക്കുകയാണ് കോമ്പയാർ നിവാസികൾ. ഒരു സ്വീകരണം നൽകാനാണ് നാട്ടുകാരുടെ തീരുമാനം.