നെടുങ്കണ്ടം:
ഒരു നാടിന്റെ കൂട്ടായ്മയിൽ പിറവിയെടുത്ത നെടുങ്കണ്ടം നഴ്സിങ് കോളജ് അടച്ചുപൂട്ടാൻ നടപടിയെന്ന് ആക്ഷേപം. ആരോഗ്യ സർവകലാശാലാ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ, വിദ്യാർഥി– രോഗി അനുപാതം ഇല്ലെന്ന കാരണം ഉയർത്തിയാണ് നടപടി.
നാലു വർഷങ്ങളിലെയുമായി 209 പേർ കോളജിൽ പഠിക്കുന്നുണ്ട്. നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലന സൗകര്യമില്ല, വിശദമായ പഠനത്തിന് സൗകര്യക്കുറവ് എന്നീ കാരണങ്ങൾ ഉയർത്തിയാണ് ആരോഗ്യ സർവകലാശാല നെടുങ്കണ്ടം ചക്കക്കാനത്ത് പ്രവർത്തിക്കുന്ന നഴ്സിങ് കോളജ് പൂട്ടാൻ നീക്കം നടത്തുന്നത്.
ഇതോടെ കോളജിൽ പഠിക്കുന്ന വിദ്യാർഥികളുടെ തുടർപഠനം പ്രതിസന്ധിയിലായി. നിലവിലെ വിദ്യാർഥികളുടെ പഠനത്തിനു തടസ്സം ഉണ്ടാവില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. ഇവർക്ക് സമീപത്തെ സർക്കാർ ആശുപത്രികളിൽ സൗകര്യമൊരുക്കും.
എന്നാൽ അടുത്ത അധ്യയന വർഷം മുതൽ നഴ്സിങ് കോളജിലേക്കുള്ള അഡ്മിഷൻ എടുക്കേണ്ടതില്ലെന്നാണ് നിർദേശം. നഴ്സിങ് കോളജ് അടച്ചുപൂട്ടാനാണ് ശ്രമമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ചക്കക്കാനത്ത് പ്രവർത്തിക്കുന്ന നഴ്സിങ് കോളജ് ആരംഭിച്ചതു തന്നെ നെടുങ്കണ്ടത്തെ ജനതയുടെ കൂട്ടായ്മയിലാണ്.
കോളജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് ഉടുമ്പൻചോല താലൂക്കിലെ പഞ്ചായത്തുകളെല്ലാം ചേർന്ന് ഒരു ലക്ഷം രൂപ വീതം തനത് ഫണ്ടിൽ നിന്നു ശേഖരിച്ചാണ്. ഇതിനു പകരമായി ഈ പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന നൽകിയിരുന്നു.
ഇതിനു പുറമേ കോളജിൽ കൂടുതൽ സൗകര്യം നൽകാനായി കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ നെടുങ്കണ്ടം സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത് നഴ്സിങ് കോളജിനു നൽകിയാണ് കൂടുതൽ സൗകര്യം ഒരുക്കിയത്. ഇങ്ങനെ ഒരു നാടിന്റെ ഒരുമയിലാണ് നഴ്സിങ് കോളജിന്റെ തുടക്കം.
ഇതിനു ശേഷം മികച്ച രീതിയിൽ പ്രവർത്തനം തുടങ്ങി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നത്. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയതോടെ കെട്ടിടത്തിന്റെ ഏതാനും ഭാഗം പൊളിച്ചുമാറ്റിയതു വിദ്യാർഥികൾക്ക് തടസ്സമായി.
കോവിഡ് വ്യാപനമുണ്ടായതോടെ ആശുപത്രിയിൽ കിടപ്പുരോഗികളുടെ എണ്ണം കുറഞ്ഞു. ഇതോടെയാണ് വിദ്യാർഥി–രോഗി അനുപാതം കുറഞ്ഞത്. എന്നാൽ ഈ സാഹചര്യം സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തിയെന്നും അടിയന്തര പരിഹാരമുണ്ടാകുമെന്നും കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
TAGS: