Fri. Nov 22nd, 2024
തി​രു​വ​ന​ന്ത​പു​രം:

വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്​പരം വിഷമങ്ങൾ പങ്കുവെക്കാനും ആരംഭിച്ച ‘സായംപ്രഭ’ മാതൃകാ പകൽവീടുകൾ എല്ലാ ജില്ലകളിലും, തുടർന്ന് ബ്ലോക്​ തലങ്ങളിലും തുടങ്ങുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയർത്തുന്ന ‘സെക്കൻഡ് ഇന്നിംഗ്‌സ് ഹോം’ പദ്ധതിയും എല്ലാ ജില്ലകളിലും നിലവിൽ വരും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര വയോജനദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഗതാഗതമന്ത്രി ആൻറണി രാജുവും ചടങ്ങിൽ സംബന്ധിച്ചു. വയോജനപരിപാലന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും, വിവിധ മണ്ഡലങ്ങളിൽ ഉയർന്ന സംഭാവനകൾ നൽകുന്ന വയോജനങ്ങൾക്കും ‘വയോസേവന ‘ പുരസ്‌കാരം ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

മുതിർന്ന പൗന്മാർക്കുള്ള രണ്ട് സാമൂഹ്യസുരക്ഷാപദ്ധതികൾ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാർക്ക് അടിയന്തിര ഘട്ടത്തിൽ സഹായം നൽകുന്ന ‘വയോരക്ഷ’ ആണ് വയോജനദിനത്തിൽ പ്രാരംഭംകുറിച്ച ഒരു പദ്ധതി. ആരും തുണയ്ക്കില്ലാതെ ശാരീരിക അവശതകളോടെ കഴിയുന്ന മുതിർന്ന പൗരർക്ക് അടിയന്തിരസഹായമടക്കം എത്തിക്കുന്ന ഈ പദ്ധതി, ജില്ലാ സാമൂഹ്യനീതി ഓഫീസർമാരുടെ ചുമതലയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.

‘സെക്കൻഡ് ഇന്നിംഗ്‌സ് ഹോം’ കൊല്ലം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ പ്രഖ്യാപനവും മന്ത്രി നടത്തി. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂരിലും തുടർന്ന് മലപ്പുറത്തും നടപ്പിലായ പദ്ധതിയാണിപ്പോൾ കൊല്ലത്തും നടപ്പാക്കുന്നത്.