Wed. May 1st, 2024
കിളിമാനൂർ:

കിളിമാനൂർ കൊട്ടാരം അഞ്ചാം തലമുറയിൽപ്പെട്ട റിട്ട അധ്യാപിക പത്മകുമാരിയുടെ അയ്യപ്പൻകാവ് പത്മവിലാസ് പാലസ് വീട്ടിൽ നിന്ന് 150 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തു മൂല്യമുള്ള ഓട്ടു പാത്രങ്ങളും ഭരണികളും മോഷണം പോയി. പൂജ മുറിയിൽ സൂക്ഷിച്ചിരുന്ന 70, 45, 30 കിലോ വീതം തൂക്കമുള്ള വാർപ്പുകൾ, ഉരുളികൾ, നിലകാത്, ചട്ടി, ഭരണി, ചീനഭരണി എന്നിവയാണ് മോഷണം പോയത്.

തേങ്ങ പൊതിക്കുന്ന കമ്പി പ്പാര തുടങ്ങിയവയും മോഷണം പോയി. 9 വർഷമായി ആൾതാമസം ഇല്ലാതെ അടച്ചിട്ടിരുന്ന വീട്ടിൽ ഒരാഴ്ച മുൻപ് നടന്ന മോഷണം കഴി‍ഞ്ഞ ദിവസമാണ് വീട്ടുടമ അറിയുന്നത്.

ഓണത്തിനാണ് അവസാനം ഇവിടെ വന്നു പോയതെന്ന് റിട്ട.അധ്യാപിക പറഞ്ഞു. മോഷണം പോയ പാത്രങ്ങൾ കിളിമാനൂർ കൊട്ടാരത്തിൽ നിന്നു പാരമ്പര്യമായി കിട്ടിയതാണ് . വെള്ളോടിൽ നിർമിച്ച പാത്രങ്ങളിൽ കിളിമാനൂർ കൊട്ടാരം, കിളിമാനൂർ കൊട്ടാരം ചിത്തിര ഭരണി എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

വീടിന്റെ തെക്ക് ഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ ശേഷം ഓട് പൊളിച്ചായിരുന്നു മോഷണം. പുതിയ വീട് നിർമിച്ച് താമസം മാറിയതോടെ പഴയ വീട് പൂട്ടിയിടുകയായിരുന്നു.

മോഷണം നടന്ന വീടിന് സമീപത്തെ ഗോപാലകൃഷ്ണ ശർമയുടെ പൂട്ടിയിട്ട വീട്ടിലും മോഷണ ശ്രമം നടന്നതായി കണ്ടെത്തി. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഒന്നും നഷ്ടമായില്ല.

സാധനങ്ങൾ എല്ലാം വാരിവലിച്ചെറിഞ്ഞിരുന്നു. ഗോപാലകൃഷ്ണ ശർമയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത് അറിഞ്ഞ് പത്മകുമാരി തന്റെ പഴയ വീട്ടിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് ഓട്ടുപാത്രങ്ങളും സാധനങ്ങളും കവർച്ച ചെയ്തത് അറിയുന്നത്. കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.