Fri. Mar 29th, 2024
കട്ടപ്പന:

കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസി സെറ്റിൽമെന്റിൽ ലൈഫ് മിഷൻ പദ്ധതിപ്രകാരം അനുവദിച്ച വീടുകളുടെ നിർമാണത്തിൽ അഴിമതി ആരോപണം. കരാറുകാരനും മുൻ പഞ്ചായത്തംഗവും ക്രമക്കേട് നടത്തിയെന്നാരോപിച്ച്‌ കുടുംബങ്ങൾ രംഗത്തെത്തി.

2019– 2020 വർഷത്തെ പദ്ധതിയിലാണ് അഞ്ചുരുളിയിൽ മന്നാൻ സമുദായത്തിൽപ്പെട്ട പത്തോളം ആദിവാസി കുടുംബത്തിന്‌ വീട് നിർമിച്ചുനൽകിയത്. പട്ടികവർഗ വിഭാഗത്തിനുള്ള ആറ് ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്.

ഇവയിൽ ആറ് വീടുകളുടെ നിർമാണത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. കരാർ പ്രകാരമുള്ള ശുചിമുറിയോ പ്ലംബിങ്ങോ നിർമിച്ചിട്ടില്ല. അന്നത്തെ യുഡിഎഫ് വാർഡംഗം ഷീന ജേക്കബിന്റെ നിർദേശപ്രകാരമാണ് ക്രമക്കേട് നടത്തിയെന്ന്‌ ആരോപണവിധേയനായ കരാറുകാരനുമായി കുടുംബങ്ങൾ കരാറിലേർപ്പെട്ടത്. വാർഡ് അംഗത്തിന്റെ സഹോദരനാണ് ഈ കരാറുകാരൻ.

കരാർ എഴുതി തയ്യാറാക്കിയത് തങ്ങളുടെ സാന്നിധ്യത്തിൽ അല്ലെന്നും വീട് ലഭിച്ചവർ പറയുന്നു. സർക്കാർ നൽകുന്ന ആറ്‌ ലക്ഷം കൂടാതെ വീട് നിർമിക്കുന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതിയിൽ തൊണ്ണൂറ് തൊഴിൽദിനങ്ങളും ഓരോ കുടുംബങ്ങൾക്കും ലഭിക്കും. എന്നാൽ, ഗുണഭോക്താക്കൾ വീട് നിർമാണത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട തുക കരാറുകാരൻ മാറിനൽകിയില്ല.

ഈ തുകയും കരാറിൽ എഴുതിച്ചേർത്ത് കരാറുകാരൻ പണം വാങ്ങിച്ചെടുത്തതായും കുടുംബങ്ങൾ പറഞ്ഞു.
വീട് നിർമാണസമയത്ത് ഉപഭോക്താക്കളുടെ ബാങ്ക് രേഖകളും എടിഎമ്മും കരാറുകാരൻ കൈവശം വച്ചിരിക്കുകയായിരുന്നുവെന്ന് ഊരുമൂപ്പൻ ബിജു പറഞ്ഞു.

ഒന്നരവർഷമാണ് ഇവരിത്‌ കെെക്കലാക്കിയത്. ഈ സമയം ബാങ്ക് അക്കൗണ്ടിലെത്തിയ ചിലയാളുകളുടെ പെൻഷൻ തുകയടക്കം നഷ്ടപ്പെട്ടെന്നും ഊരുമൂപ്പൻ വ്യക്തമാക്കി. ക്രമക്കേട് സംബന്ധിച്ച് ഗുണഭോക്തക്കാൾ വിജിലൻസിന് പരാതി നൽകിയിരുന്നു. വീട് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നാണ്‌ ആദിവാസി കുടുംബങ്ങളുടെ ആവശ്യം.