Thu. Jan 23rd, 2025
കൊട്ടിയം:

മഹാമാരിയുടെ വ്യാപാനത്തിനിടയിൽ ചന്തയിലെ മാലിന്യം പഞ്ചായത്ത് അധികൃതർ ദേശീയപാതയോരത്ത് തള്ളി. മാർക്കറ്റിന്റെ ദുരവസ്ഥയെ കുറിച്ച് പൗരവേദി ശുചിത്വ മിഷന് പരാതി നൽകിയതിനെ തുടർന്ന്‌ അടിയന്തരമായി മാലിന്യം നീക്കാൻ ആദിച്ചനല്ലൂർ പഞ്ചായത്തിനോട് കലക്ടർ നിർദേശിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ലോറിയിൽ കയറ്റിയ മാലിന്യം മൈലക്കാട് കലുങ്ങിന് സമീപം ദേശീയപാതയോരത്തെ പുറമ്പോക്കിലാണ് തള്ളിയത്. ഇവിടം ജനവാസ മേഖലയാണ്. ആദിച്ചനല്ലൂരിലെ പ്രധാന ജലസ്രോതസ്സായ തഴുത്തല ഏലായും ഇതിനു സമീപമാണ്.

ഇതുമൂലം ആരോഗ്യ പ്രശ്നങ്ങളും പകർച്ച വ്യാധികളും പടർന്ന് പിടിച്ചേക്കുമെന്ന ആശങ്കയിലാണ്‌ ജനങ്ങൾ. പഞ്ചായത്തിന്റെ നിലപാടിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ലക്ഷക്കണക്കിന് രൂപ വർഷംതോറും പഞ്ചായത്തിന് വരുമാനം നൽകുന്ന മാർക്കറ്റിലെ മാലിന്യങ്ങൾ ജനവാസ മേഖലയിൽ നിക്ഷേപിച്ചത് ഗുരുതരമായ കുറ്റമാണെന്ന്‌ സിപിഐ എം ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തം മറന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.