ചാരുംമൂട്∙
തടസ്സങ്ങൾ മാറിയതോടെ താമരക്കുളം പഞ്ചായത്തിലെ വയ്യാങ്കര ടൂറിസം പദ്ധതി പ്രദേശത്ത് ഇന്നലെ വൈദ്യുതി എത്തി. കണക്‌ഷൻ ലഭിക്കാത്തതിനാൽ ഇവിടെ സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കുകൾ ഉൾപ്പെടെ പ്രകാശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. 2015ൽ നിർമാണം തുടങ്ങിയ ഒന്നാംഘട്ട പ്രവർത്തനങ്ങൾ 2018–19ൽ പൂർത്തിയാക്കിയിരുന്നു.
എന്നാൽ ടൂറിസം വകുപ്പിന് ഉടമസ്ഥാവകാശം കൈമാറാൻ താമസം നേരിട്ടത് തുടർനടപടികൾ വൈകിപ്പിച്ചു. 2021 ഫെബ്രുവരിയിൽ ഇതിനു നടപടിയായതോടെയാണ് പ്രദേശത്ത് വൈദ്യുതി എത്തിയത്. വൈദ്യുതി എത്തിക്കുന്നതിനായി പോസ്റ്റുകൾക്ക് ആവശ്യമായ 36,000 രൂപ ടൂറിസം വകുപ്പ് അടച്ചു.
താമരക്കുളം പഞ്ചായത്ത് 3 ലക്ഷം രൂപ കൂടി വയ്യാങ്കര ചിറയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചിറയുടെ വശങ്ങൾ ശുചീകരിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടിയുമാണ് തുക അനുവദിച്ചത്. വൈദ്യുതി കണക‍്ഷന്റെ സ്വിച്ച് ഓൺ കർമം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി വേണു നിർവഹിച്ചു.
പഞ്ചായത്തംഗം ശോഭ സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പിബി ഹരികുമാർ, ദീപ ജ്യോതിഷ്, അത്തുക്കാബീവി, അനില തോമസ്, റഹ്മത്ത് റഷീദ്, രജിത അളകനന്ദ, എസ് ശ്രീജ, മുൻ പഞ്ചായത്ത് അംഗങ്ങളായ കെബി സത്യൻ, പി രഘു എന്നിവർ പ്രസംഗിച്ചു.