Mon. Dec 23rd, 2024

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് കുതിക്കുകയാണ്. 137 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ശക്തികേന്ദ്രങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകര്‍ന്നടിഞ്ഞു. പ്രധാനമന്ത്രി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക് 62 സീറ്റില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് പടക്കംപൊട്ടിച്ചും നൃത്തംചവിട്ടിയും ആഹ്ലാദം പങ്കിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. അതേസമയം ശ്മശാന മൂകതയിലാണ് ബിജെപി ദേശീയ ആസ്ഥാനം. തീരദേശം ഒഴികെയുള്ള മുഴുവന്‍ മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിച്ചു. അതേസമയം, കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ രംഗത്തെത്തി. പ്രധാനമന്ത്രി അടക്കം പ്രചാരണത്തിന് ഇറങ്ങിയിട്ടും നേട്ടമുണ്ടാക്കാനായില്ലെന്നും ഫലം പൂര്‍ണമായും വന്നു കഴിഞ്ഞാല്‍ പാളിച്ചകള്‍ പരിശോധിക്കുമെന്നും ബൊമ്മൈ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. മുസ്ലിം സംവരണം, ഹിജാബ്, ബജ്‌റംഗ് ദള്‍, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളാണ് ഇത്തവണ കര്‍ണാടകത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. ലിംഗായത്ത് വോട്ടുബാങ്ക് ഭിന്നിപ്പിക്കാനായെന്നത് ഡി കെ ശിവകുമാറിന്റേയും കോണ്‍ഗ്രസിന്റെയും വിജയമായാണ് കണക്കാക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം