തിരുവനന്തപുരം:
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലെ മൈക്രോബയോളജി ലാബില്‍ ആള്‍ക്ഷാമം നേരിടുന്നതിനാൽ 24 മണിക്കൂറും പ്രവർത്തിക്കിനാകില്ലെന്ന് ലാബ് ജീവനക്കാർ. കൊവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്നും അതിനാല്‍ വൈകീട്ട് നാല് മണിക്ക് ശേഷം കൊവിഡ് ടെസ്റ്റ് ചെയ്യില്ലെന്നുമാണ് മൈക്രോബയോളജി ലാബ് ജീവനക്കാര്‍ അറിയിച്ചത്. എന്നാൽ പരാതി ഉയർന്നതോടെ പരിശോധന മുടക്കരുതെന്ന് സൂപ്രണ്ട് നിർദ്ദേശം നൽകി.
മതിയായ ജീവനക്കാരില്ലാത്തതിനാൽ രാവിലെ 8:30 മുതൽ വൈകീട്ട് 4 വരെ മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ എന്നും 3.30 വരെ മാത്രമേ സാമ്പിളുകൾ സ്വീകരിക്കുകയുള്ളൂ എന്നുമായിരുന്നു ലാബ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ തീരുമാനം മെഡിക്കല്‍ കോളേജിലെ അടിയന്തര ശസ്ത്രക്രിയയെയും മൃതദേഹ കൊവിഡ് പരിശോധനയെയും ബാധിക്കുമോ എന്ന ആശങ്ക ഉയർന്നു. ഇതോടെ പ്രശ്നത്തിൽ സൂപ്രണ്ട് ഇടപെട്ടു. മൈക്രോബയോളജി ലാബ് ജീവനക്കാരോട് പരിശോധന തുടരണമെന്ന് നിർദ്ദേശിച്ച സൂപ്രണ്ട്, പരിശോധന മുടങ്ങിയാല്‍ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.