Mon. Dec 23rd, 2024
ചക്കരക്കൽ:

12 വർഷത്തിനു ശേഷം പഴശ്ശി മെയി‍ൻ കനാൽ വഴി ജലവിതരണം പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയതോടെ കർഷകർ പ്രതീക്ഷയിൽ. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പഴശ്ശി കനാൽ വഴി 2008ലാണ് അവസാനമായി ജലവിതരണം നടന്നത്. കനാലിന്റെ ചോർച്ചയും കാട് മൂടി ഒഴുക്ക് തടസ്സപ്പെട്ടതുമാണ് ജലവിതരണം നിൽക്കാൻ പ്രധാന കാരണം.

ഇതോടെ വരൾച്ച സമയങ്ങളിൽ കനാൽ വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകർ ദുരിതത്തിലായി.കൃഷി ആവശ്യത്തിന് കനാൽ വഴി വെള്ളം ലഭ്യമാക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമായതോടെയാണ് കനാൽ നവീകരിച്ച് വെള്ളം ലഭ്യമാക്കാനുള്ള പദ്ധതിക്ക് പഴശ്ശി ജലസേചന പദ്ധതി ഉദ്യോഗസ്ഥർ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി തനത് ഫണ്ട്, കേന്ദ്രത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് എന്നിവയിൽ നിന്ന് ലഭിച്ച 17 കോടി രൂപ ചെലവിൽ ആദ്യ ഘട്ട ജോലി ആരംഭിച്ചു.

പഴശ്ശി അണക്കെട്ടിൽ നിന്ന് പറശ്ശിനിക്കടവ് വരെ 42 കി.മീറ്റർ ദൈർഘ്യമുള്ള മെയിൽ കനാൽ, മാഹി ബ്രാഞ്ച് കനാൽ എന്നിവയുടെ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്.ചോർച്ചയുള്ള ഭാഗങ്ങളിൽ കനാലിന്റെ ഇരുവശവും ചെങ്കൽ പാകി പാസ്റ്റർ ചെയ്യുകയും കോൺക്രീറ്റ് സ്ലാബ് മാതൃകയിൽ നിലം നിരത്തുകയും ചെയ്യുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ജീവനക്കാരുടെ അഭാവം കനാൽ നവീകരണ പദ്ധതിക്ക് തടസ്സമാകുന്നുണ്ട് എന്ന് ബന്ധപ്പെട്ടവർ തന്നെ സമ്മതിക്കുന്നു.

നേരത്തെ പഴശ്ശി ജലസേചന പദ്ധതിക്ക് കീഴിൽ 3 ഡിവിഷനും 5 സബ് ഡിവിഷനും 17 സെക്‌ഷൻ ഓഫിസും ഉണ്ടായിരുന്നത് ഇപ്പോൾ ഓരോ ഡിവിഷൻ, സബ് ഡിവിഷൻ ഓഫിസും 4 സെക്‌ഷൻ ഓഫിസുമായി ചുരുങ്ങി. പദ്ധതിക്കു കീഴിൽ വരുന്ന 2500ഓളം ഹെക്ടർ സ്ഥലത്തിന്റെ പരിപാലനം, കയ്യേറ്റം തുടങ്ങിയ വിവിധ പരാതികൾ അന്വേഷിക്കൽ, കനാൽ ഭൂമി സർവേ തുടങ്ങിയ ആവശ്യങ്ങൾക്ക് ജീവനക്കാർ പോയാൽ പിന്നെ കനാൽ നവീകരണ പ്രവൃത്തിയിൽ ശ്രദ്ധിക്കാൻ വേണ്ടത്ര ജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണ്.