റോം:
പതിനാറാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പക്ക് പുറമെ വത്തിക്കാൻ വിദേശ സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തും.
മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇരുവരും നേരിട്ടായിരിക്കുമോ പ്രതിനിധികളുടെ യോഗമായിരിക്കുമോ എന്ന കാര്യത്തിൽ തീർച്ചയായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല വാർത്താസേമ്മളനത്തിൽ പറഞ്ഞു.
അതേസമയം, മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിന് മോദി ക്ഷണിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, അടുത്ത കുറച്ച് ദിവസം താൻ റോമിലും വത്തിക്കാനിലും ഗ്ലാസ്ഗോയിലും ചില സുപ്രധാന കൂടിക്കാഴ്ചകൾക്കായി ഉണ്ടാകുമെന്നാണ് റോമിലേക്കുള്ള യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി അറിയിച്ചത്. മോദി- മാർപാപ്പ കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിൽക്കുമെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.