Tue. Jan 7th, 2025
റാന്നി:

മഴവെള്ളപ്പാച്ചിലിൽ ചപ്പാത്ത് ഒലിച്ചുപോയി. മുപ്പതോളം കുടുംബങ്ങൾക്ക് വാഹന യാത്ര അന്യം. തുലാപ്പള്ളിക്കു സമീപം പഞ്ചസാരമണ്ണ്–രണ്ടുതോട് മുക്ക് റോഡിൽ താന്നിമൂട്ടിൽപടിയിലെ ചപ്പാത്താണ് തകർന്നത്.അയ്യൻമലയിൽ നിന്ന് ഒഴുകിവരുന്ന തോട്ടിലെ വെള്ളമാണ് ചപ്പാത്തിലൂടെ നാറാണംതോട് വലിയതോട്ടിൽ എത്തിയിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചാണ് ചപ്പാത്തിന്റെ മുക്കാൽ ഭാഗത്തെയും കോൺക്രീറ്റ് തകർന്നത്. റോഡിനടിയിലായിരുന്ന 2 പൈപ്പുകൾ ഇപ്പോൾ പുറമേ തെളിഞ്ഞു കാണാം. ശേഷിക്കുന്ന ചപ്പാത്തിൽ കൂടി കാൽനട മാത്രമേ സാധ്യമാകൂ. മഴ ശക്തിപ്പെട്ടാൽ ഇതും തകരുന്ന സ്ഥിതിയാണ്.

ചപ്പാത്ത് പിന്നിടുന്ന ഭാഗത്താണ് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നത്. അവർ നാറാണംതോട് കൊച്ചുപാലം ജംക്‌ഷനിലെത്തി പുറംനാടുകളുമായി ബന്ധപ്പെട്ടിരുന്നത് ഈ റോഡിലൂടെയാണ്.അത്യാവശ്യത്തിന് രോഗിയെ ആശുപത്രിയിൽ എത്തിക്കാനും മാർഗമില്ല. 3 കിലോമീറ്ററോളം ദൂരമുള്ള റോഡാണിത്. ഇതിന്റെ 90 ശതമാനവും കോൺക്രീറ്റ് ചെയ്തതാണ്.

മഴക്കെടുതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി ചപ്പാത്ത് പുനർ നിർമിച്ചില്ലെങ്കിൽ മലയോരവാസികളുടെ യാത്രാ ദുരിതം വർദ്ധിക്കും. ഓരോ വെള്ളപ്പൊക്കത്തിലും പമ്പാനദി തീരം ഇടിഞ്ഞമരുന്നതു മൂലം തീരവാസികൾക്ക് ലക്ഷങ്ങളുടെ നഷ്ടം. തീരങ്ങൾ കെട്ടി സംരക്ഷിക്കാൻ സർക്കാർ തയാറാകാത്തതിനാൽ നഷ്ടത്തിന്റെ തോത് കൂടുന്നു.