Tue. Apr 16th, 2024
കൽപ്പറ്റ:

കൊവിഡ്‌ സൃഷ്‌ടിച്ച മാന്ദ്യത്തിൽനിന്നും കിൻഫ്ര വ്യവസായ പാർക്ക്‌ ഉണർവിലേക്ക്‌. വ്യവസായങ്ങൾ കുറവായ ജില്ലയുടെ വ്യവസായ കുതിപ്പിന്‌ അടിത്തറ പാകിയ പാർക്കിലെ യൂണിറ്റുകൾ വീണ്ടും പ്രവർത്തന സജ്ജമാവുകയാണ്‌. കൽപ്പറ്റക്കടുത്ത്‌ വെള്ളാരംകുന്നിൽ കോഴിക്കോട്‌–ബംഗളൂരു ദേശീയ പാതയോരത്താണ്‌ കിൻഫ്ര വ്യവസായ പാർക്കുള്ളത്‌.

2005ലാണ്‌ സംസ്ഥാന സർക്കാർ പാർക്ക്‌ സ്ഥാപിച്ചത്‌. നിലവിൽ 38 വ്യവസായ യൂണിറ്റുകളാണ്‌ പാർക്കിലുള്ളത്‌. അതിൽ 22 യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. കോടികൾ വിറ്റ്‌ വരവുള്ള വൻ വ്യവസായ യൂണിറ്റുകൾ മുതൽ ചെറുകിട വ്യവസായ സംരംഭങ്ങൾ വരെയുണ്ട്‌.

ഭക്ഷ്യ സംസ്കരണ ഫാക്ടറികൾ, ഗാർമെന്റ് യൂണിറ്റുകൾ, സോപ്പ്‌ നിർമാണ യൂണിറ്റ്‌, ചെരിപ്പ്‌ നിർമാണ യൂണിറ്റുകൾ തുടങ്ങിയ വ്യവസായ സംരംഭങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ആറ്‌ എണ്ണം ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളാണ്‌.ബാക്കിയുള്ളതിൽ ഫർണിച്ചർ, ബോട്ടിൽ കമ്പനി, വാട്ടർ ടാങ്ക്‌ നിർമാണ കമ്പനികൾ തുടങ്ങിയവയും പ്രവർത്തിക്കുന്നു.

പ്രധാന ചെരിപ്പ്‌, ബാഗ്‌ നിർമാതാക്കളായ വികെസി, വിക്ടറി സോപ്പ്‌, ബോട്ടിൽ നിർമാതാക്കളായ എച്ച്‌ടുഒ തുടങ്ങിയ കമ്പനികൾ ഇവിടെയുണ്ട്.2005ൽ പ്രവർത്തനം തുടങ്ങിയെങ്കിലും 2015 മുതൽക്കാണ്‌ കിൻഫ്രയിൽ കൂടുതൽ വ്യവസായ യൂണിറ്റുകൾ വന്നത്‌. 2015 മുതൽ 2021 വരെ 22 യൂണിറ്റുകളാണ്‌ പുതുതായി വന്നത്‌. 2005 മുതൽ 2015 വരെ ആകെയുണ്ടായിരുന്നത്‌ 16 എണ്ണം മാത്രം.