Sat. Jan 18th, 2025

സീസണില്‍ ഏറ്റവുമധികം ട്വന്റി 20 മല്‍സരം ജയിച്ച ടീമുകളില്‍ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലദേശ് ലോകകപ്പിനെത്തിയത്. ഓസ്ട്രേലിയെയും ന്യൂസീലന്‍ഡിനെയും തോല്‍പിച്ച് പരമ്പര നേടിയ ടീം ലോകകപ്പില്‍ അദ്ഭുതങ്ങള്‍ കാണിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. കറുത്തകുതിരകളെന്ന ലേബലില്ലാതെ മല്‍സരിച്ച കടുവകള്‍ സ്കോട്ലൻഡിനോട് തോറ്റെങ്കിലും സൂപ്പര്‍ 12ല്‍ എത്തി.

പക്ഷേ വമ്പന്‍മാര്‍ക്കെതിരെ ലോകകപ്പ് വേദിയിലിറങ്ങിയപ്പോള്‍ അടിതെറ്റി. ആദ്യ മൂന്നുമല്‍സരങ്ങളും തോറ്റ് ഏതാണ്ട് ടൂര്‍ണമെന്റിന്റെ പുറത്തേക്കുള്ള വഴിയിലാണ് ബംഗ്ലദേശ്. അവശേഷിക്കുന്ന രണ്ടുമല്‍സരങ്ങള്‍ വിജയിച്ചാലും ലഭിക്കുന്നത് നാലുപോയിന്റ്.

നിലവില്‍ നാലുപോയിന്റുമായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നു. ടീം തോറ്റുകിടക്കുകയാണെങ്കിലും വ്യക്തിഗത നേട്ടങ്ങളില്‍ ബംഗ്ല താരങ്ങള്‍ മുന്നിലുണ്ട്. ഏറ്റവുമധികം റണ്‍സ് നേടിയവരില്‍ ക്യാപ്റ്റന്‍ മുഹമ്മദുള്ള ഒന്നാമതും വിക്കറ്റ് നേടിയവരില്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാമതും.

2007ല്‍ സൂപ്പര്‍ എയ്റ്റില്‍ എത്തിയതിന് ശേഷം തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ ഒരു ജയം പോലുമില്ലാതെയാണ് ബംഗ്ലദേശ് മടങ്ങിയത്. നാണംകെടാതെ ബംഗ്ലദേശിന് സൂപ്പര്‍ 12ല്‍ അവസാനിപ്പിക്കണമെങ്കില്‍ ശേഷിക്കുന്ന മല്‍സരങ്ങള്‍ വിജയിക്കണം. എതിരാളികളാകട്ടെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും.