Wed. Jan 22nd, 2025
തിരുവനന്തപുരം:

കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പദ്ധതി ചെറിയ വരേണ്യ വര്‍ഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യൂ. നിലവിലെ പാത ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ ആക്കി സിഗ്‌നല്‍ലിങ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ സമയം ഒത്തിരി ലഭിക്കാം എന്നിരിക്കെ യാതൊരു ആവശ്യവും ഇല്ലാത്തതും അനേക ലക്ഷം ജനങ്ങളെ സ്വന്തം വീട്ടില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താകുന്ന, പരിസ്ഥിതിക്കു വിനാശം ഉണ്ടാക്കുന്ന ഈ പദ്ധതി സര്‍വ വിനാശം സൃഷ്ടിക്കും. മഹാ പ്രളയങ്ങളില്‍ നിന്നു പോലും പാഠം പഠിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന കെ റെയില്‍ പദ്ധതിക്കെതിരെ ഇന്ന് നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തത്.