പേരാമ്പ്ര:
പോളിയോ ബാധിച്ച് 80 ശതമാനം വൈകല്യം സംഭവിച്ച ജോൺസൺ പരിമിതികളെ ഗൗനിക്കാതെ വിജയത്തിലേക്ക് കുതിച്ചപ്പോൾ തേടിയെത്തിയത് കേന്ദ്ര സർക്കാറിെൻറ അംഗീകാരം. ഭാരത് സർക്കാർ സാമൂഹിക നീതി - ശാക്തീകരണ മന്ത്രാലയത്തിെൻറ 2020ലെ ഔട്ട് സ്റ്റാൻഡിങ് ക്രിയേറ്റിവ് അഡൾട്ട് – ഭിന്നശേഷി മേഖല ദേശീയ പുരസ്കാരമാണ് പെരുവണ്ണാമൂഴി സ്വദേശി മഠത്തിനകത്ത് എം എ ജോൺസന് ലഭിച്ചത്.പ്രതിസന്ധികളെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് ഊർജമാക്കി കുതിക്കാനുള്ള കരുത്തേകുന്നതാണ് ജോൺസെൻറ ജീവിതം.
ഇദ്ദേഹം എൽ ഇ ഡി മേഖലയിൽ നൽകിയ സംഭാവന കണക്കിലെടുത്താണ് അവാർഡിന് പരിഗണിച്ചത്. ജനിച്ച് ആറാം മാസത്തിൽ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടതാണെങ്കിലും സ്വന്തം ആശയങ്ങൾ ഇലക്ട്രോണിക്സ് രംഗത്ത് നടപ്പാക്കിയാണ് ജോൺസൺ മുന്നേറിയത്. ശാരീരിക പരിമിതി മൂലം സ്കൂളിൽ പോയില്ല. എഴുതാനും വായിക്കാനും സ്വന്തമായി പഠിച്ചു.
12ാം വയസ്സിൽ എൽ ഇ ഡി ഉപയോഗിച്ച് അലങ്കാര മാല നിർമിച്ചു.1993 ൽ ഇലക്ട്രോണിക് ചോക്ക് വികസിപ്പിച്ചു. എം ടെക് എന്ന സ്ഥാപനവും തുടങ്ങി. പിന്നീട് എൽ ഇ ഡി ബൾബുകൾ നിർമിച്ചു തുടങ്ങി.ഇച്ഛാശക്തികൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയായിരുന്നു ഇദ്ദേഹം.
എം ടെക് എന്ന സ്ഥാപനത്തിൽ നിരവധി സ്ത്രീകൾക്ക് തൊഴിൽ നൽകാനും ജോൺസന് സാധിച്ചു. വൈകല്യങ്ങൾ കണക്കിലെടുക്കാതെ കൂവ്വപ്പൊയിൽ ഉഷ ജോൺസെൻറ ജീവിത സഖിയായപ്പോൾ അത് അദ്ദേഹത്തിെൻറ പ്രയാണത്തിന് വലിയ ഊർജം നൽകി. ഇപ്പോൾ ജോൺസെൻറ മക്കളായ എൻജിനീയറിങ് വിദ്യാർത്ഥി ജയൂൺ, പ്ലസ് ടു വിദ്യാർത്ഥി ജഷൂൺ എന്നിവരും അച്ഛന് പിന്തുണയുമായി കൂടെയുണ്ട്. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ജോൺസൺ നിരവധി പാവപ്പെട്ടവർക്ക് സോളാർ എമർജൻസി ഉൾപ്പെടെ നൽകി സഹായിച്ചുവരുന്നുണ്ട്.