Mon. Dec 23rd, 2024

ഇന്ത്യ-പാക് മത്സരത്തിനിടെ പാക് ഓപ്പണർ മുഹമ്മദ് റിസ്‌വാന്റെ നമസ്‌കാരവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിച്ച് മുൻ താരം വഖാർ യൂനുസ്. തന്റെ പരാമര്‍ശം പലരുടെയും വികാരത്തെ വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് വഖാര്‍ യൂനുസ് പറഞ്ഞു. മനപൂര്‍വം എന്റെ ഭാഗത്ത് നിന്നും സംഭവിച്ചതല്ല. ജാതി-മത ചിന്തകള്‍ക്കപ്പുറം ആളുകളെ ഒന്നിപ്പിക്കുന്നതാണ് സ്പോര്‍ട്സ് എന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താൻ പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു വഖാർ യൂനുസിന്റെ പ്രതികരണം. ഹിന്ദുക്കള്‍ക്കു മുന്നില്‍ റിസ്‌വാന്‍ നമസ്‌കരിക്കുന്നതു കാണുന്നതു തന്നെ സന്തോഷമാണ് എന്നായിരുന്നു വഖാറിന്റെ പ്രതികരണം. ഇന്ത്യാ പാക് മത്സരത്തിന്റെ ഡ്രിങ്ക്‌സ് ഇടവേളയില്‍ റിസ്‌വാന്‍ നിസ്‌കരിച്ചിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയായിരുന്നു വഖാറിന്റെ പരാമര്‍ശം.

നിരാശാജനകമായ പ്രതികരണമാണ് വഖാര്‍ നടത്തിയതെന്നായിരുന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ അഭിപ്രായം. വഖാറിനെപ്പോലെ പദവിയിലുള്ള ഒരാള്‍ അങ്ങനെ പറയുന്നതു നിരാശപ്പെടുത്തുന്നതാണെന്നും ഭോഗ്ലെ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര എന്നിവരും വഖാറിനെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. പാകിസ്ഥാന്‍ എന്നത് ഒരു മനോരോഗമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സിങ്‌വിയുടെ ട്വീറ്റ്.