Fri. Mar 29th, 2024

കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമക്ക് “മലയാളം” എന്ന് പേരിട്ടു. സിനിമയുടെ ശീർഷക ഗാനം പുറത്തിറക്കിക്കൊണ്ടാണ് പേര് പ്രഖ്യാപിച്ചത്.

അഞ്ച് സംഗീത സംവിധായകർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ശീർഷക ഗാനം തയ്യാറാക്കിയത് ബിജിബാലാണ് . സംഗീത സംവിധായകരായ രമേശ് നാരായണൻ, ബിജിബാൽ, മോഹൻ സിത്താര, ഗോപീ സുന്ദർ, രതീഷ് വേഗ, എന്നിവർ അണിയിച്ചൊരുക്കുന്ന ഗാനങ്ങളുമായി ശുദ്ധസംഗീതത്തിൻ്റെ സൗന്ദര്യം അടയാളപ്പെടുത്തുന്ന “മലയാളം” ഒരു പ്രണയ കവിത പോലെ ഹൃദയഹാരിയായ ചിത്രമായിരിക്കുമെന്ന് റഫീക്ക് അഹമ്മദ് പറഞ്ഞു. ന്യൂഡൽഹി, വയനാട് എന്നിവിടങ്ങളിലായി ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും.

നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണിയാണ് സംവിധായകൻ. മികച്ച ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള റഫീക്ക് അഹമ്മദ് ആദ്യമായാണ് തിരക്കഥാകൃത്തിൻ്റെ വേഷമിയുന്നത്.