പന്തളം:
”മല തുരക്കല്ലേ; മണ്ണെടുക്കല്ലേ” ആതിരമല നിവാസികൾ പറയുന്നു. മല തുരന്ന് വഴിയും വാസസ്ഥലവും ഒരുക്കിയിരുന്നവർ മല ഇടിച്ചുനിരത്തി പാടങ്ങൾ നികത്താൻ തുടങ്ങിയതോടെ പ്രകൃതി പിണങ്ങി. മല ഇടിഞ്ഞും മഴവെള്ളം നിറഞ്ഞും ദുരന്തങ്ങൾ വിട്ടുമാറാതെ മല തുരന്നവരെത്തന്നെ വേട്ടയാടുകയാണ് ഇന്ന്.
മാനംമുട്ടെ ഉയർന്നുനിൽക്കുന്ന ജില്ലയിലെ തന്നെ ഉയർന്ന സ്ഥലങ്ങളിലൊന്നായ കുരമ്പാല ആതിരമലയ്ക്ക് അടിഭാഗത്തുനിന്നുള്ള മണ്ണെടുപ്പാണ് ആതിരമലയെ സമതലമാക്കിക്കൊണ്ടിരിക്കുന്നത്. ആതിരമലയിലെ മണ്ണ് ഏക്കറുകണക്കിന് പാടങ്ങളെ കരകളാക്കിക്കഴിഞ്ഞു. ഇപ്പോഴും വീടുവെക്കാനെന്ന മറവിൽ മണ്ണെടുപ്പ് പലയിടങ്ങളിലും നടക്കുന്നു.
മണ്ണിടിഞ്ഞ് റോഡും വീടും തകർന്ന് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നറിയാമെങ്കിലും മണ്ണെടുപ്പിന് മുടക്കമില്ല. കഴിഞ്ഞ മൂന്നുമാസം മുമ്പുവരെ സമീപത്തെ പൂഴിക്കാട് തൂമലയിൽനിന്നും മണ്ണുകടത്തി. സമുദ്രനിരപ്പിൽ വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ മല.