Mon. Dec 23rd, 2024
വാഷിങ്​ടൺ:

ടെസ്​ല സി ഇ ഒ ഇലോൺ മസ്​കിന്‍റെ ആസ്​തിവയിൽ വൻ വർദ്ധന. മസ്​കിന്‍റെ സ്വത്തിൽ 2.71 ലക്ഷം കോടിയുടെ വർദ്ധനയാണ്​ ഒറ്റദിവസം കൊണ്ട്​ ഉണ്ടായത്​. ഹെർട്​സ്​ ഗ്ലോബൽ ഹോൾഡിങ്​ ടെസ്​ലക്ക്​ ഒരു ലക്ഷം കാറുകളുടെ ഓർഡർ നൽകിയതാണ്​ മസ്​കിനും ഗു​ണകരമായത്​.

ഇതോടെ ടെസ്​ല ഓഹരികളുടെ മൂല്യം വൻതോതിൽ കുതിച്ചുയർന്നു. 14.9 ശതമാനം നേട്ടമാണ്​ ടെസ്​ല ഓഹരികൾക്കുണ്ടായത്​. 1,045.02ആണ്​ ഓഹരികളുടെ വില. റോയി​ട്ടേഴ്​സിന്‍റെ കണക്ക്​ പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കാർ കമ്പനിയായും ടെസ്​ല മാറി.

ബ്ലുബെർഗിന്‍റെ ബില്യണയർ ഇൻഡക്​സ്​ പ്രകാരം ഒരാൾ ഒരു ദിവസം നേടുന്ന ഏറ്റവും വലിയ നേട്ടമാണിത്​. ചൈനീസ്​ വ്യവസായി സോങ്​ ഷാൻഹാന്‍റെ റെക്കോർഡാണ്​ മസ്​ക്​ മറികടന്നത്​. ഒരു ദിവസം 32 ബില്യൺ ഡോളറിന്‍റെ നേട്ടമാണ്​ ഷാൻഹാന്​ ഉണ്ടായത്​. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ്​ ചെയ്​തതോടെയായിരുന്നു നേട്ടം.

അതേസമയം, യു എസ്​ ഓഹരി വിപണിയായ നാസ്​ഡാക്കിൽ ടെസ്​ലയുടെ വിപണിമൂലധനം 1.02 ട്രില്യൺ ഡോളർ പിന്നിട്ടും കുതിക്കുകയാണ്​. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്​റ്റ്​, ആൽഫബെറ്റ്​ തുടങ്ങിയ കമ്പനികൾക്കൊപ്പമാണ്​ ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനിയായി ടെസ്​ലയും ഉയർന്നത്​. ഇന്ത്യൻ ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിലെ ആദ്യത്തെ അഞ്ച്​ കമ്പനികളേക്കാളും മൂല്യമുള്ള കമ്പനിയായി ടെസ്​ല മാറി.