Mon. Dec 23rd, 2024
കോഴിക്കോട്‌:

കേന്ദ്ര രാസവളം മന്ത്രാലയത്തിൽനിന്ന്‌ കേരളത്തിനുള്ള രാസവള വിഹിതം കുറച്ചതോടെ വളത്തിന് കടുത്ത ക്ഷാമം. വളത്തിന്റെ ക്ഷാമവും വിലവർദ്ധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ്, മിശ്രിത വളങ്ങൾ എന്നിവക്കാണ് കൂടുതൽ ക്ഷാമം.

അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും ഇന്ധന വിലവർദ്ധനയുമാണ്‌ ക്ഷാമത്തിനും വില കൂടാനും കാരണം. സബ്സിഡി നിരക്കിൽ ലഭിക്കുന്ന രാസവളം കർഷകനു തന്നെ കിട്ടുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പോയിന്റ് ഓഫ് സെയിൽസ് മെഷീനുകളിൽ രേഖപ്പെടുത്തിയാണ്‌ വിൽപ്പന.
മെഷീനുകളിൽ ആധാർ നമ്പർ അടിച്ച്‌ വിരലടയാളം പരിശോധിച്ച ശേഷം വളം നൽകണമെന്നാണ് വ്യവസ്ഥ.

എന്നാൽ പല സംഘങ്ങളും ഈ മാതൃക സ്വീകരിക്കാത്തതു കാരണം വളം വിറ്റുതീർന്നാലും കണക്കുകളിൽ വൻതോതിൽ സ്റ്റോക്കുള്ളതായി കാണും. ഇതും വളം അലോട്ട്മെന്റ് ലഭിക്കാത്തതിന് കാരണമാണ്‌. സമീപ കാലത്ത്‌ ഇറക്കുമതിയിൽ വന്നിട്ടുള്ള കുറവും സംസ്ഥാനത്തിനുള്ള വിഹിതം കൃത്യമായി ലഭിക്കാത്തതുമാണ് രാസവളത്തിന്റെ ക്ഷാമത്തിന് പ്രധാന കാരണം.