Fri. Jan 24th, 2025
കോഴിക്കോട്‌:

വിവാദങ്ങളുടെ പാളത്തിൽ കുടുങ്ങാതെ അർദ്ധ അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങൾ. മാഹിക്കിപ്പുറം തുടങ്ങി കടലുണ്ടി വരെയുള്ള റെയിൽവേ ട്രാക്കിന്‌ സമാന്തരമായി ഏതാണ്ട്‌ 73 കിലോമീറ്റർ ദൂരത്തിലാണ്‌ അർദ്ധ അതിവേഗ ട്രെയിൻ ജില്ലയിലൂടെ ഓടുക. ട്രാക്കിന്റെ അലൈൻമെന്റ്‌ നിശ്ചയിച്ച്‌ വിജ്ഞാപനമിറക്കാനുള്ള നടപടികളുമായാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌.

സ്വപ്‌നവില നൽകി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.നിലവിലുള്ള റെയിൽപാളത്തിന്‌ സമാന്തരമായാണ്‌ കെ റെയിലിന്റെ ട്രാക്കുമുണ്ടാവുക. അര സെക്കൻഡിൽ ഒരു കിലോമീറ്ററാണ്‌ ട്രെയിൻ വേഗം. കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്ത്‌ നാല്‌ മണിക്കൂറിനുള്ളിൽ എത്താം.

ലൈൻ കടന്നുപോകുന്നതിന്‌ കുറുകെയുള്ള എല്ലാ റോഡുകൾക്കും റെയിൽവേ മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമിക്കും. നിലവിലുള്ള ലെവൽ ക്രോസുകൾ ഇല്ലാതാകുന്നതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
ജില്ലയിൽ ഏകദേശം 163 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടി വരികയെന്നാണ്‌ പഠനത്തിൽ കണക്കാക്കിയത്‌.

ഏതാണ്ട്‌ 2600 കെട്ടിടങ്ങളെ ബാധിക്കും. ഏതെല്ലാം കെട്ടിടങ്ങളാണ്‌ മാറ്റേണ്ടിവരികയെന്ന്‌ അലൈൻമെന്റ്‌ ധാരണയാകുന്നതോടെയേ വ്യക്തമാകൂ.ലാൻഡ്‌ അക്വിസിഷൻ റിഹാബിലിറ്റേഷൻ ആൻഡ്‌ റീസെറ്റിൽമെന്റ്‌ നിയമപ്രകാരമാകും ഭൂമി ഏറ്റെടുക്കുക.

വീടും കെട്ടിടവും ഒഴിയുന്നവർക്ക് പുനരധിവാസ നിയമപ്രകാരം ഗ്രാമങ്ങളിൽ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം നൽകും. ഹെക്ടറിന് ഒമ്പത്‌ കോടിരൂപയാണ്‌ നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്‌. പദ്ധതിയുടെ ഭാഗമായി ഒരാളും ഭവനരഹിതരാകില്ലെന്ന ഉറപ്പും സർക്കാർ ജനങ്ങൾക്ക്‌ നൽകുന്നു.