Fri. Nov 22nd, 2024
ഗൂഡല്ലൂർ:

ലോകോത്തര നിലവാരമുള്ള ടൂറിസം മണ്ഡലമായി നീലഗിരിയെ മാറ്റണമെന്നും അതിനുള്ള എല്ലാ സാഹചര്യവും നീലഗിരിയിൽ ഉണ്ടെന്ന് പന്തല്ലൂരിൽ നടന്ന സി പി എം നീലഗിരി ജില്ല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. മുതുമല വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ എലവേറ്റഡ് ഹൈവേ നിർമിച്ചാൽ സഞ്ചാരികൾക്ക്​ സൗകര്യപ്രദമായി വന്യമൃഗങ്ങളെ കാണുന്നതിനും യാത്രചെയ്യന്നതിനും കഴിയും. ഊട്ടിയിൽ ഒരു ചെറുവിമാനത്താവളം നിർമിച്ചാൽ ലോകത്തി​ൻെറ എല്ലാ ഭാഗങ്ങളിൽനിന്നും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയും.

ജില്ലയിൽ 12 പവർഹൗസും 17 ഡാമുകളുമുണ്ട്. ഇവയെ കോർത്തിണക്കി പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള ടൂറിസം പാക്കേജിന് സംസ്ഥാന സർക്കാർ രൂപം നൽകണം. പച്ചത്തേയിലക്ക് 30 രൂപ തറവില നിശ്ചയിക്കണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. നിലവിൽ ഒരു കിലോ തേയില ഉല്പാദിപ്പിക്കാൻ 20 രൂപ കർഷകർക്ക് ചെലവു വരുന്നുണ്ട്.

സ്വാമിനാഥൻ കമീഷൻ നിർദേശമനുസരിച്ച് ഉല്പാദനച്ചെലവി​ൻെറ 50 ശതമാനമായ 10 രൂപ കൂടെ ചേർത്ത് 30 രൂപ തറവിലയായി സർക്കാർ നിശ്ചയിക്കണം. ടീ ബോർഡ് 17.50 വില നിർണയിക്കുമ്പോൾ കൃഷിക്കാരന് 12 രൂപയാണ് ലഭിക്കുന്നത്. ഈ നില മാറണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നീലഗിരിയെ കാർബൺ ന്യൂട്രൽ മണ്ഡലമാക്കി മാറ്റി നീലഗിരിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉല്പന്നങ്ങൾക്ക് ലോക വിപണിയിൽ പ്രത്യേക മാർക്കറ്റ് ഉണ്ടാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി വി എ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.