ന്യൂഡൽഹി:
മഹാരാഷ്ട്ര മന്ത്രിയും എൻ സി പി നേതാവുമായ നവാബ് മാലിക്ക് പുറത്തുവിട്ട നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥന്റെ കത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിൽ അരങ്ങേറിയ ലഹരിവേട്ട കേസുമായി ബന്ധപ്പെട്ടാണ് പരാമർശം.
പേര് വെളിപ്പെടുത്താത്ത എൻ സി ബി ഉദ്യോഗസ്ഥൻ അയച്ച കത്താണെന്ന് വ്യക്തമാക്കിയാണ് മാലിക്ക് വിവരങ്ങൾ പുറത്തുവിട്ടത്. നാലുപേജാണ് കത്ത്. ബോളിവുഡ് താരങ്ങളിൽനിന്ന് എൻ സി ബി മുംബൈ സോണൺ ഓഫിസർ സമീർ വാങ്കഡെ പണം തട്ടിയെന്നാണ് കത്തിലെ ആരോപണം.
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി കേസിന്‍റെ അന്വേഷണം എൻ സി ബി ഡയറക്ടർ ജനറൽ ആയിരുന്ന രാകേഷ് അസ്താന എസ് ഐ ടി ചുമതലയുള്ള കമൽപ്രീത് സിങ് മൽഹോത്രക്ക് കൈമാറി. എൻ സി ബി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൽനിന്ന് വാങ്കഡെയെ സോണൽ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് വാങ്കഡെക്ക് എൻ സി ബിയിൽ സോണൽ ഡയറക്ടർ നിയമനം ലഭിച്ചതെന്നും കത്തിൽ പറയുന്നു.
ഇതിനുപിന്നാലെയാണ് ബോളിവുഡ് താരങ്ങളുമായി ബന്ധെപ്പട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം തുടങ്ങുന്നതും പണം തട്ടുന്നതും. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, കരീഷ്മ പ്രകാശ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ഭാരതി സിങ്, ഹർഷ് ലിംബാച്ചിയ, റിയ ചക്രവർത്തി, സൗവിക് ചക്രവർത്തി, അർജുൻ രാംപാൽ എന്നിവരിൽനിന്ന് പണം തട്ടി.
ആയാസ് ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് പണം തട്ടിയത്. ആയാസ് സമീർ വാങ്കഡെയുടെ സുഹൃത്താണെന്നും ഇയാൾ യാതൊരു മുന്നറിയിപ്പോ തടസങ്ങളോ ഇല്ലാതെ എൻ സി ബി ഓഫിസ് സന്ദർശിക്കാറുണ്ടെന്നും കത്തിൽ പറയുന്നു.