പൃഥ്വിരാജ് അഭിനയിക്കുന്ന ‘കടുവ’ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള മുൻഉത്തരവു ഹൈക്കോടതി നീട്ടി. ഷൂട്ടിങ് തടഞ്ഞുകൊണ്ടുള്ള ഇരിങ്ങാലക്കുട സബ്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ഏപ്രിൽ 16നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഏപ്രിൽ 23നു കേസ് പരിഗണിച്ചപ്പോൾ, സ്റ്റേ നിലനിൽക്കെ സിനിമയുടെ അവകാശങ്ങൾ വിൽക്കില്ലെന്നുള്ള തിരക്കഥാകൃത്തിന്റെ ഉറപ്പ് രേഖപ്പെടുത്തി.
ഈ ഉത്തരവാണു ജസ്റ്റിസ് വി ജി അരുൺ തുടർന്നൊരു ഉത്തരവു വരെ നീട്ടിയത്. സിനിമയുടെ വാണിജ്യപരമായ വിതരണം, ഒടിടി, സാറ്റ്‌ലൈറ്റ്, ഓവർസീസ് തുടങ്ങിയ എല്ലാ അവകാശങ്ങളും ഇതിൽപ്പെടും.
ഈ പ്രമേയം സിനിമയാക്കാൻ സമ്മതിച്ചു തിരക്കഥാകൃത്ത് പണം വാങ്ങിയിരുന്നതായി ആരോപിച്ച് ചലച്ചിത്ര നിർമാതാവ് അനുരാഗ് അഗസ്റ്റസ് ഇരിങ്ങാലക്കുട സബ്കോടതിയിൽ നിന്നു ഷൂട്ടിങ് തടഞ്ഞ് ഉത്തരവു നേടിയിരുന്നു. ഇതിനെതിരെ കടുവ സിനിമയുടെ തിരക്കഥാകൃത്തായ ജിനു വർഗീസ് ഏബ്രഹാം നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.
അതേസമയം, ‘കടുവ’ സിനിമയുടെ ചിത്രീകരണം കാഞ്ഞിരപ്പള്ളിയിൽ പുരോഗമിക്കുന്നു. ഷാജി കൈലാസ് ആണ് സംവിധാനം. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി എബ്രഹാമിന്റേതാണ്.