Wed. Jan 22nd, 2025

തിരുവനന്തപുരം:

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 55 പേർ മരിച്ചെന്ന് റവന്യുമന്ത്രി കെ രാജൻ. അതേസമയം ദുരന്ത മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒക്ടോബർ 16 ന് എവിടെയും റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നില്ലെന്ന് സർക്കാർ വിശദീകരിച്ചു.

ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പുറത്തിറക്കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കൂട്ടിക്കലിൽ ഒക്ടോബർ 16 ന് മൂന്ന് മണിക്കൂറിൽ 117 മില്ലീമീറ്റർ മഴ പെയ്തു. ഒക്ടോബർ 16 ന് കോട്ടയം ജില്ലയിൽ കാലാവസ്ഥ ജാഗ്രത നിർദ്ദേശം ഉണ്ടായിരുന്നില്ല.

കാലാവസ്ഥ മുന്നറിയിപ്പും പ്രവചനവുമെല്ലാം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിൽ നിക്ഷിപ്‌തമാണ്. സംസ്ഥാന സർക്കാരല്ല ഇത് ചെയ്യുന്നത്. മറ്റ് ഏജൻസികൾ തീവ്ര മഴ മുന്നറിയിപ്പ് പ്രവചിച്ചതായി അറിയില്ല. ഓറഞ്ച്, റെഡ് അലർട്ടുള്ള ജില്ലകളിലാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്. ഒക്ടോബർ 16ന് രാവിലെ 10 വരെ കേരളത്തിൽ എവിടെയും കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ അതോറിറ്റി തലവൻ ഓഖി സമയത്തും ഇപ്പോഴും വിദേശത്താണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. അദ്ദേഹത്തിന് വിദേശകാര്യ വകുപ്പിൽ ജോലി നൽകുന്നതാണ് നല്ലത്. 2018 ലെ പ്രളയത്തിൽ നിന്ന് പാഠം പഠിച്ചിട്ടില്ല.

ഹരിത അരക്ഷിത സംസ്ഥാനമായി കേരളം മാറുന്നു. ചുഴലിക്കാറ്റ് ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള ഫണ്ട് സംസ്ഥാനം വിനിയോഗിച്ചില്ല. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ല. പ്രളയ മാപ്പിങ് ഫലപ്രദമായി തയ്യാറാക്കിയില്ലെന്നും പ്രതിപക്ഷ അംഗം കുറ്റപ്പെടുത്തി.