കാബൂൾ:
പടിഞ്ഞാറൻ കാബൂളിൽ പട്ടിണി മൂലം എട്ടു കുട്ടികൾ മരിച്ചതായി റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട്. മുൻ പാർലമെൻറംഗം ഹാജി മുഹമ്മദ് മുഹഖഖ് ആണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.
ഹസാര വിഭാഗത്തിലുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. അധികാരം പിടിച്ചെടുത്ത ശേഷം പടിഞ്ഞാറൻ കാബൂളിലേക്ക് അടിസ്ഥാന സഹായമെത്തിക്കാൻ താലിബാൻ ഒന്നും ചെയ്തില്ലെന്നും മുഹഖഖ് ആരോപിച്ചു.
അതിനിടെ, പട്ടിണിമാറ്റാൻ ജോലി ചെയ്യുന്നതിന് കൂലിക്കു പകരം ഗോതമ്പ് നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാനിലെ പ്രധാന നഗരങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 40,000 പുരുഷൻമാരെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.