Wed. Nov 6th, 2024

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി.

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ‍ഫാല്‍കെ അവാർഡ് രജനീകാന്ത് ഏറ്റുവാങ്ങി. കങ്കണ റണൗത്ത് ആണ് മികച്ച നടി (മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക). മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ ചേര്‍ന്ന് പങ്കിട്ടു. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഹിന്ദി ചിത്രം ‘ഭോസ്‍ലെ’യിലെ പ്രകടനത്തിന് മനോജ് വാജ്പെയിയുമാണ് മികച്ച നടനുള്ള പുരസ്‍കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ചിത്രം കൂടാതെ മറ്റു രണ്ട് പുരസ്‍കാരങ്ങളും ‘മരക്കാറി’ന് ഉണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങളാണ് അവ. ഗീരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം ജല്ലിക്കട്ട്).

മികച്ച ഗാനരചനയ്ക്കുള്ള പുരസ്‍കാരം പ്രഭാ വര്‍മ്മയ്ക്കാണ് (ചിത്രം കോളാമ്പി). ‘തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7’ലൂടെ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‍കാരം റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത ‘കള്ളനോട്ട’മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി.