Mon. Dec 23rd, 2024
ബെയ്ജിങ്:

ബഹിരാകാശ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിനായി പുതിയ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. സിചാവുൻ പ്രവിശ്യയിലെ ഷിചാങ് ലോഞ്ച് സെന്‍ററിലായിരുന്നു വിക്ഷേപണം.

ഷിജിയാൻ-21 എന്ന് പേര് നൽകിയ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വിജയകരമായിരുന്നു. ലോങ് മാർച്ച് 3ബി റോക്കറ്റാണ് വിക്ഷേപണത്തിനുപയോഗിച്ചത്. ബഹിരാകാശ മാലിന്യങ്ങളും അവശിഷ്ടങ്ങളും പുതിയ ഭീഷണി തീർക്കുന്ന സാഹചര്യത്തിൽ ഇവ പരിഹരിക്കാനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനാണ് ഉപഗ്രഹം ഉപയോഗിക്കുക.

ചൈന നിരന്തരമായി വിക്ഷേപണങ്ങൾ നടത്തുന്നത് ബഹിരാകാശ മാലിന്യം വർധിപ്പിക്കുകയാണെന്ന് ലോകരാഷ്ട്രങ്ങൾ പരാതി ഉയർത്തിയിരുന്നു. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ശേഷം മടങ്ങിവരവിൽ കത്തിത്തകരുന്ന റോക്കറ്റ് അവശിഷ്ടങ്ങളും പ്രവർത്തനം നിലച്ച് ഉപേക്ഷിക്കേണ്ടിവരുന്ന ഉപഗ്രഹങ്ങളുമാണ് ബഹിരാകാശ മാലിന്യമായി മാറുന്നത്.