Fri. Nov 22nd, 2024
മുംബൈ:

ലഹരി കേസിൽ അറസ്റ്റിലായ ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാറൂഖ് ഖാനെ ഉപദേശിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. ‘ഇത്രയും ചെറിയ പ്രായത്തില്‍ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ല, ആര്യന് ഒരു ഭാവിയുണ്ട്, അതിനാല്‍ അദ്ദേഹത്തെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഞാന്‍ ഷാറൂഖിനെ ഉപദേശിക്കുന്നു,’ മന്ത്രി പറഞ്ഞു.

ജയിലിലിടുന്നതിന് പകരം ഒന്നോ രണ്ടോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയാല്‍ എല്ലാ ശീലവും മാറിക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐയ്ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുന്നവരെ ജയിലിലിടുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അത്താവാലെ കൂട്ടിച്ചേര്‍ത്തു.

അഞ്ചോ ആറോ തവണയാണ് ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചത്. അതിനർത്ഥം എൻ സി ബിയുടെ പ്രവൃത്തികൾ ശരിയാണ് എന്നുതന്നെയാണെന്നും മന്ത്രി പറ‌ഞ്ഞു. ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ഒക്​ടോബർ മൂന്നിനാണ് ഷാറൂഖിന്‍റെ മകന്‍​ ആര്യൻ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ്​ ചെയ്തത്. നിലവിൽ ആർതർ റോഡ്​ ജയിലിലാണ്​ ആര്യനും സുഹൃത്തുക്കളും.