Fri. Nov 22nd, 2024
ഇടുക്കി:

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു.

ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ജലനിരപ്പ് 138 അടിയിൽ എത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 140 അടിയിലാണ് ആദ്യ ജാഗ്രത നിർദ്ദേശം പ്രഖ്യാപിക്കുക. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ് ആണ്.

സെക്കൻഡിൽ 2150 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്.ഡാമിൽ ഇന്നലെ രാത്രിയോടെ ജലനിരപ്പ് 136 അടിയിൽ എത്തിയിരുന്നു.

മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പിൽ വെയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടർ റിസോർസ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.