കോട്ടയം:
ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലും ആവശ്യരേഖകൾ നഷ്ടപ്പെട്ടവർക്കായി കലക്ടറേറ്റിൽ പ്രത്യേക കൗണ്ടർ തുറന്നതായി മന്ത്രി വി എൻ വാസവൻ.പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ നഷ്ടപ്പെട്ടവർക്ക് രേഖകളുടെ ഡ്യൂപ്ലിക്കേറ്റുകൾ എടുക്കുന്നതിനുവേണ്ടിയാണ് കലക്ടറേറ്റിൽ കൗണ്ടർ തുറന്നിരിക്കുന്നത്.ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ മികച്ച ഇടപെടലാണ് നടത്തിയത്. ജാഗ്രതയോടെ റിപ്പോർട്ട് ചെയ്തതിനൊപ്പം മാധ്യമപ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളായി. ഇത് അഭിനന്ദനാർഹമാണ്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് വാസ്തവവിരുദ്ധമാണ്. നാലു പതിറ്റാണ്ടിനിടെ ജില്ലയിലുണ്ടായ എല്ലാ ദുരന്തങ്ങളിലും ഓടിയെത്തിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ഇത്രമാത്രം വേഗത്തിൽ ചലിച്ച സന്ദർഭമുണ്ടായിട്ടില്ല.
ആളുകളെ മാറ്റിപ്പാർപ്പിക്കാനും മരിച്ചവരുടെ മൃതദേഹം നേരത്തോടുനേരംകഴിയുംമുമ്പ് കണ്ടെത്താനും കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആഹാരം ,വസ്ത്രം, മരുന്ന് എന്നിവയെല്ലാം എത്തിച്ചു. ജനങ്ങളുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കാനാണ് ശ്രമം.
ക്യാമ്പുകളിൽ കഴിയുന്ന പലർക്കും വീടുകൾ നഷ്ടമായി. ചിലർക്ക് സർക്കാർ സഹായം കിട്ടാൻ ആവശ്യമായ രേഖകളില്ലാത്ത പ്രശ്നമുണ്ട്.അവരെക്കൂടി കണ്ടുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആരും വഴിയാധാരമാകില്ല.
റവന്യൂ അടക്കം വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പ്രകാരം സർക്കാർ നടപടി വേഗത്തിലാക്കും. തുടർ നടപടി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.