Fri. May 3rd, 2024
കൂരാച്ചുണ്ട്:

അധികൃതരുടെ അനാസ്ഥയാണ് കക്കയം ഡാം റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് പരാതി ഉയരുന്നു. ഡാം റോഡിൽ ഓവുചാലുകൾ ഉണ്ടെങ്കിലും വൃത്തിയാക്കാത്തതിനാൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകിയാണു മിക്കപ്പോഴും നാശം സംഭവിക്കുന്നത്.കഴിഞ്ഞ കാലവർഷത്തിൽ ബിവിസിക്ക് സമീപം ഓവുചാലിലേക്കു പൊട്ടി വീണ പാറക്കൂട്ടം നീക്കം ചെയ്തിട്ടില്ല.

ഈ ഭാഗത്ത് റോഡ് വീതി കുറവായതിനാൽ പാതയിലൂടെ വെള്ളം ഒഴുകുകയാണ്. റോഡിന്റെ മറുഭാഗത്ത് ഉയരം കൂടിയ സംരക്ഷണഭിത്തിയിലേക്കു നിരന്തരം വെള്ളം ഒലിച്ചിറങ്ങി തകരുന്ന നിലയിലാണ്.മഴക്കാലത്ത് ഓവുചാലിലേക്ക് വീണ മരം, മണ്ണ്, കല്ല് എന്നിവ നീക്കം ചെയ്യാൻ പൊതുമരാമത്ത് അധികൃതർ നടപടിയെടുക്കാത്തതാണു പ്രധാന പ്രശ്നം.

കലുങ്കുകളിൽ കൃത്യമായി വെള്ളം ഒഴുകാത്തതും റോഡിന്റെ നാശത്തിന് കാരണമാകുന്നുണ്ട്. ഒട്ടേറെ ഭാഗങ്ങളിലാണ് ഓവുചാലിൽ തടസ്സമുള്ളത്.കക്കയം ഡാം റോഡിൽ 14 കിലോമീറ്ററോളം മേഖല ഓവുചാൽ, കലുങ്ക് എന്നിവ‍ പ്രവർത്തനക്ഷമമാക്കിയാൽ ഒരു പരിധി വരെ പാത സംരക്ഷിക്കാൻ സാധിക്കും. ഓവുചാൽ നവീകരണത്തിന് പൊതുമരാമത്ത് അടിയന്തര ഫണ്ട് അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.