Wed. Nov 6th, 2024
ബെംഗളൂരു:

ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കർണാടക സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാണിച്ച് കൗണ്‍സില്‍ സര്‍ക്കാരിന് ഇന്നലെ കത്തും അയച്ചിരുന്നു.