Mon. Dec 23rd, 2024
മലപ്പുറം:

മൊബൈൽഫോണിൽ ഡേറ്റ തീർന്നതിനാൽ ചെട്ടിയാംകിണർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർത്ഥിക്കു പോലും ഇനി ക്ലാസ് നഷ്ടമാകില്ല. ഒരു മെമ്മറി കാർഡുമായി സ്കൂളിൽ ചെന്നാൽ അധ്യയനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ക്ലാസുകൾ പകർത്തിയെടുക്കാം. ഡിജിറ്റൽ പഠനത്തിന്റെ ഏറ്റവും പുതിയ രീതിയിലുള്ള മോഡൽ എജ്യുക്കേഷൻ തിയറ്റർ നാളെ മുതൽ ചെട്ടിയാംകിണർ സ്കൂളിൽ പ്രവർത്തനം തുടങ്ങുകയാണ്.

ജില്ലാ പഞ്ചായത്താണ് 12 ലക്ഷം രൂപ ചെലവിൽ തിയറ്റർ ഒരുക്കുന്നത്. ജില്ലയിലെ ആദ്യ മാതൃകാ എജ്യുക്കേഷൻ തിയറ്ററാണിത്. ഓൺലൈൻ അധ്യയനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അനുഭവിച്ച പ്രയാസങ്ങൾ ഇല്ലാതാക്കുന്നതാണ് പുതിയ സംവിധാനം.

അധ്യാപകർ വിവിധ സ്ഥലങ്ങളിൽ പരിമിതമായ സൗകര്യങ്ങളിൽ ക്ലാസ് റെക്കോർഡ് ചെയ്ത് അയയ്ക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാകും. ഇന്റർ ആക്ടീവ് ബോർഡുകൾ, സ്മാർട്ട് പോഡിയം തുടങ്ങിയ ഉപയോഗിച്ച് തിയറ്ററിൽ വച്ച് ക്ലാസെടുക്കാം.കൊവിഡ് കാലത്തെ പഠനപ്രതിസന്ധിയെ നൂതന സാങ്കേതികവിദ്യയിലൂടെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു പദ്ധതി.